ഭാരം ചുമന്ന് സമ്പാദിച്ച കാശുമായി ഒരു കൂട്ടം ആളുകൾ നെസ്റ്റിൽ എത്തി; ഇത് നെസ്റ്റിനെ ഹൃദയത്തിൽ ചുമന്ന ചുമട്ടു തൊഴിലാളികളുടെ സ്നേഹ സമ്മാനം


കൊയിലാണ്ടി: നെസ്റ്റിനെ തേടി സ്നേഹപൊതിയുമായി ഒരു കൂട്ടം ആളുകളെത്തി, ഭാരം ചുമ്മി സമ്പാദിച്ച കാശുമായി. നെസ്റ്റിനെ ഹൃദയത്തിൽ ചുമന്നപ്പോൾ അവർ എടുത്ത ചുമടുകളുടെ ഭാരത്തെക്കാൾ നെസ്റ്റിലെ വാസികളോടുള്ള സ്നേഹത്തിന്റെ ഭാരം ഏറി നിന്നു.

ചുമട് ചുമന്ന് കിട്ടുന്ന പണത്തിൽ നിന്നു സ്വരുക്കൂട്ടിയ പണം നെസ്റ്റിനു സമ്മാനിച്ചിരിക്കുകയാണ് പ്രദേശത്തെ ചുമട്ടുതൊഴിലാളികൾ. അവരുടേ തന്നെ കൂട്ടായ്മയിൽകൂടി പല ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ് ഇവർ.

അങ്ങനെ തങ്ങൾ സ്ഥിരമായി കാണുന്ന ജീവകാരുണ്യ പ്രവർത്തന രംഗത്ത് അതുല്യമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചു കൊണ്ടുള്ള നെസ്റ്റ് – നിയാർക്കിന്റെ ജൈത്ര യാത്രയിൽ പങ്കു ചേരാൻ, സഹായമാവാൻ തീരുമാനിക്കുകയായിരുന്നു ഈ ചേട്ടന്മാർ.

ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കെ.ബി സെക്ഷൻ സ്വരൂപിച്ച സംഖ്യ സി.ഐ.ടി.യു ഏരിയ സെക്രട്ടറി ആശ്വനി ദേവിൽ നിന്ന് നെസ്റ്റ് ഭാരവാഹികളായ ബഷീർ ടി. പി, സൈൻ ബാഫഖി തങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.