കേരള സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിച്ചു; അരിക്കുളത്ത് കെ.എസ്.എസ്.പി.എ വാര്‍ഷിക സമ്മേളനം


അരിക്കുളം: കേരള സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിക്കുകയാണെന്ന് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍. അരികുളത്ത് സംഘടനയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കെ.എസ്.എസ്. പി.എ. ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ അതേ പെന്‍ഷന്‍ തുക തന്നെ ഇപ്പോഴും കൈപ്പറ്റുന്ന പെന്‍ഷന്‍കാരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ കാലയളവില്‍ കുടിശിക കൈപ്പറ്റാന്‍ കഴിയാതെ ഏതാണ്ട് എണ്‍പതിനായിരത്തോളം സര്‍വീസ് പെന്‍ഷന്‍കാരാണ് മരണപ്പെട്ടതെന്നും അവരുടെ ശാപം ഏറ്റുവാങ്ങിയ സര്‍ക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.കെ. ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി മുഖ്യ പ്രഭാഷണം നടത്തി. ടി.രാരുക്കുട്ടി, വി.വി.എം. ബഷീര്‍, രഘുനാഥ് എഴുവങ്ങാട്ട്, എം. രാമാനന്ദന്‍, കെ. അഷറഫ്, പി.കെ രാഘവന്‍, യു.രാജന്‍, സി.എം. ജനാര്‍ദ്ദനന്‍, ഇ. ബാലന്‍, കെ.കെ. നാരായണന്‍, സത്യന്‍ തലയഞ്ചേരി എന്നിവര്‍ സംസാരിച്ചു.

പരിപാടിയില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഭാരവാഹികള്‍: എം. രാമാനന്ദന്‍ (പ്രസിഡണ്ട്) സത്യന്‍ തലയഞ്ചേരി (ജനറല്‍സെക്രട്ടറി) വി.വി.എം. ബഷീര്‍, കെ. അശോകന്‍ (സെക്രട്ടറി) രാമചന്ദ്രന്‍ നീലാംബരി (ട്രഷറര്‍).