കുടുംബബന്ധം തകർക്കാൻ ശ്രമം; വടകര സ്വദേശിയുടെ പരാതിയിൽ എസ്.ഐക്ക് സസ്പെൻഷൻ


വടകര: കുടുംബ ബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ കൽപ്പറ്റ എസ്.ഐ അബ്ദുൾ സമദിന് സസ്‌പെൻഷൻ. അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡി.ഐ.ജി രാഹുൽ.ആർ നായരാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

എടച്ചേരി എസ്.ഐ യായിരിക്കുമ്പോൾ കുടുംബകലഹം പരിഹരിക്കാനായി സ്റ്റേഷനിൽ എത്തിയ യുവതിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി, ചിത്രങ്ങൾ പകർത്തുകയും പിന്നീട് വീട് വിട്ട് ഇറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് അബ്ദുൾ സമദിനെതിരെ യുവതിയുടെ ഭർത്താവ് ഉന്നയിക്കുന്ന ആരോപണം.

കൂടാതെ അബ്ദുൾ സമദും ഭാര്യയുമായുള്ള ബന്ധ ചോദ്യം ചെയ്തതിന് ദേഹോപദ്രവമേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മുൻപ് റൂറൽ എസ്.പിക്കും പരാതി നൽകിയിരുന്നു. അതിനെ തുടർന്ന് അന്വേഷണവിധേയമായി അബ്ദുൾ സമദിനെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
സ്ഥലം മാറിയതിന് ശേഷവും ഭീഷണി തുടർന്നപ്പോൾ യുവതിയുടെ ഭർത്താവും മക്കളും കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകി. പിന്നീട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ അന്വേഷണത്തിമ്മേലാണ് സസ്പെൻഷൻ. യുവതിയുടെ മക്കൾ ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.