ശനിയാഴ്ചയാണെന്ന് കരുതി ഉറങ്ങല്ലേ, രാവിലെ സ്‌കൂളില്‍ പോണം; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം


കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ (ജൂണ്‍ മൂന്ന് ശനിയാഴ്ച) പ്രവൃത്തിദിനമാണെന്ന് സര്‍ക്കാര്‍. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ അധ്യയന വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാണ്.രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്.

ഈ അധ്യയന വര്‍ഷത്തിലെ ആറാമത്തെ പ്രവൃത്തിദിനം അടിസ്ഥാനമാക്കിയാണ് കുട്ടികളുടെ കണക്കെടുക്കുക. ജൂണ്‍ ഏഴിനാണ് ആറാം പ്രവൃത്തിദിനം. അന്നേ ദിവസം വൈകീട്ട് അഞ്ച് മണി വരെ മാത്രമാണ് സ്‌കൂളുകളില്‍ നിന്ന് സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുക.

ജൂലൈ മാസത്തില്‍ മൂന്ന് ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാവുക. ജൂലൈ 1, 22, 29 എന്നീ ശനിയാഴ്ചകളിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.