ഈ തിരികളില്‍ വിരിയും വെളിച്ചങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഗന്ധം കൂടിയുണ്ടാവും! സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയില്‍ ചില്ലുപാത്രങ്ങളില്‍ ഗന്ധമൊളിപ്പിച്ച മെഴുകുതിരികളുമായി പേരാമ്പ്രക്കാരിയും


ജിന്‍സി ബാലകൃഷ്ണന്‍

പേരാമ്പ്ര: സിറിയ, ഉഗാണ്ട, ബംഗ്ലാദേശ്, നേപ്പാള്‍, എന്നിങ്ങനെ ലോകത്തിന്റെ പല പല കോണുകളിലെ ശ്രദ്ധേയരായ കരകൗശല വിദഗ്ധര്‍ ഒരു കുടക്കീഴില്‍ ഒരുമിച്ച് നിന്നുകൊണ്ട് കലാവിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ക്രാഫ്റ്റ് മേള ഇരിങ്ങല്‍ സര്‍ഗാലയില്‍ ആയിരക്കണക്കിനാളുകളെ അമ്പരപ്പിക്കുമ്പോള്‍ അതില്‍ പേരാമ്പ്രയ്ക്കുമുണ്ട് അഭിമാനിക്കാന്‍. 158 സ്റ്റാളുകളിലായി 11 രാജ്യങ്ങളിലെയും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലെയുമായി 400ഓളം കരകൗശല വിദഗ്ധര്‍ അണിനിരക്കുന്ന മേളയിലെ ഒരു സ്റ്റാള്‍ ഒരു പേരാമ്പ്രക്കാരിയുടേതാണ്. നൊച്ചാട് സ്വദേശിനിയായ ഫാത്തിമയുടേത്.

ഫാത്തിമയുടെ സ്റ്റാളിന് മുമ്പിലെത്തിയാല്‍ നമുക്കത് മണത്തറിയാനാവും. റോസാപ്പൂ, മൂല്ല, സ്‌ട്രോബറി, ചന്ദനം അങ്ങനെ നമ്മുടെ ഇഷ്ട ഗന്ധം അവിടെയുണ്ട്, ചില്ലു കുപ്പികളിലും, ഗ്ലാസുകളിലും നിറച്ച മനോഹരമായ വര്‍ണത്തോടുകൂടിയ മെഴുകുതിരികളായി.

 

മെഴുക് എന്ന് കേട്ടിട്ട് പാരഫിന്‍ വാക്‌സാണെന്ന് കരുതേണ്ട. ഇത് പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന, വിഷരഹിതവും ഉപയോഗിക്കാന്‍ സുരക്ഷിതവുമായ സോയാ മെഴുകുതിരികളാണ്. എല്ലാം ഫാത്തിമ ഉണ്ടാക്കിയതാണ്. ഇതിലേക്ക് സുഗന്ധ ദ്രവ്യങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ വെളിച്ചത്തിനൊപ്പം മനസുകുളിര്‍പ്പിക്കുന്ന അനുഭൂതികൂടിയാകും ഈ മെഴുകുതിരികള്‍ പ്രദാനം ചെയ്യുന്നത്.

ഇത് രണ്ടാംതവണയാണ് ഫാത്തിമ സര്‍ഗാലയ കരകൗശല മേളയ്‌ക്കെത്തുന്നത്. സ്റ്റാളുനിറയെ കാഴ്ചവസ്തുക്കളൊരുക്കി കഞ്ചച്ചിപ്പിക്കുകയല്ല ഫാത്തിമ ഇവിടെ, ചുരുങ്ങിയ വസ്തുക്കള്‍ക്കൊണ്ടുതന്നെ തന്റെ സ്റ്റാളിനെ മനോഹരമായി അലങ്കരിച്ചുകൊണ്ട്, വരുന്ന ഓരോരുത്തരെയും അതിശയിപ്പിക്കുംവിധം തന്റെ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുകയാണ്.

നൊച്ചാട് ചെട്ട്യാംകണ്ടി മമ്മുവിന്റെയും ഹുസ്‌നയുടെയും മകളായ ഫാത്തിമ ബിഎഡ് വിദ്യാര്‍ഥിയാണ്. സുമി, റൂമി, ഹന്ന എന്നിവര്‍ സഹോദരങ്ങളാണ്.