കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും കൊയിലാണ്ടി ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)


സ്വന്തം ലേഖകൻ

കൊയിലാണ്ടി:

“മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…”

മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്.

വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക് തള്ളിയിടാന്‍. സ്വര്‍ഗമെന്ന് തോന്നിപ്പിച്ചുകൊണ്ട് മനുഷ്യരെ നരകത്തിലേക്ക് ആനയിക്കുന്ന ഇത്തരം മയക്കുമരുന്നുകള്‍ വില്‍ക്കുന്നവരും അത് ഉപയോഗിക്കുന്നവരും നമ്മുടെ കൊയിലാണ്ടിയില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ അത് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ലഹരിയെന്നാല്‍ സിഗരറ്റ്, മദ്യം, പുകയില. കൂടിപ്പോയാല്‍ കഞ്ചാവ്. അതിനപ്പുറമൊന്നും നമ്മളാരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അതിനെക്കാളൊക്കെ മാരകവും അത്യധികം പ്രഹരശേഷിയുമുള്ള ലഹരി വസ്തുക്കളാണ് നമ്മുടെ നാട്ടില്‍ വില്‍ക്കപ്പെടുന്നത്. സര്‍ഗാത്മകമാകേണ്ട യുവത്വം ലഹരിയുടെ പടുകുഴിയില്‍ വീഴുന്നതിനെ ഫലപ്രദമായി തടയാന്‍ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്.

കൊയിലാണ്ടിയിലും ഇത്തരം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരും വിൽക്കുന്നവരും ഉണ്ട്. ഇതിനെതിരെ ശക്തമായ നടപടിയാണ് അടുത്തിടെയായി കൊയിലാണ്ടി പൊലീസ് കൈക്കൊണ്ടത്. സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ പലര്‍ക്കും പിടിവീണിട്ടുണ്ട്.

പൊലീസിനൊപ്പം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മറ്റ് യുവജന സംഘടനകളും ലഹരിക്കെതിരെ ശക്തമായ നലപാടെടുത്തു. ഇതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്റിലും പരിസര പ്രദേശങ്ങളിലുമായി സ്‌ക്വാഡ് അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തുന്നുണ്ട്. സ്‌ക്വാഡ് അംഗങ്ങള്‍ ലഹരി ഉപയോഗിക്കുന്ന നിരവധി പേരെ കണ്ടെത്തി പൊലീസിന് കൈമാറിയിട്ടുണ്ട്.

ഈ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊയിലാണ്ടി ന്യൂസ് ഡോട് കോമും കൈകോര്‍ത്തതോടെയാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചത്. ഇന്‍സ്റ്റഗ്രാം എന്ന സാമൂഹ്യ മാധ്യമമാണ് മെത്ത്, ബ്രൗണ്‍ ഷുഗര്‍ പോലുള്ള ലഹരി വസ്തുക്കളുടെ ഇടപാടിനായി ഉപയോഗിക്കുന്നത്.

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ലഹരി കേസിലെ പ്രതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നടത്തിയ ഇടപാടുകളുടെ തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.

ഇത് വീഡിയോ റിപ്പോര്‍ട്ടായി വായനക്കാര്‍ക്ക് താഴെ കാണാം. ഞെട്ടിക്കുന്ന പല വിവരങ്ങളുമാണ് ഇന്‍സ്റ്റഗ്രാം ചാറ്റുകളിലുള്ളത്. ചാറ്റുകളില്‍ ഉപയോഗിക്കുന്ന പല വാക്കുകളും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും ഇടനിലക്കാരും  ഉപയോഗിക്കുന്ന കോഡ് വാക്കുകളാണ്.

സാഹചര്യം അതീവ ഗൗരവമാണെന്നാണ് ഇന്‍സ്റ്റഗ്രാം ചാറ്റുകളിലൂടെ മനസിലാവുന്നതെന്ന് ഡി.വൈ.എഫ്.ഐ പ്രതികരിച്ചു. പൂര്‍വ്വാധികം ശക്തമായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീഡിയോ കാണാം:

ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം വാട്ട്സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഒപ്പം നിങ്ങളുടെ പേരും സ്ഥലവും ഒപ്പം ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.