തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി നവംബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം; ഇന്നലെ നടന്ന പ്രചരണ ജാഥയില്‍ വന്‍ജനപങ്കാളിത്തം


തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും തിക്കോടി ടൗണിലെ വാര്‍ഡ് മെമ്പറുമായ ആര്‍.വിശ്വന്‍, തിക്കോടി വെസ്റ്റിലെ വാര്‍ഡ് മെമ്പര്‍ വി.കെ.അബ്ദുല്‍ മജീദ്, അടിപ്പാത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷ് എന്നിവരാണ് നിരാഹാര സമരം നടത്തുക.

ഇതിന്റെ ഭാഗമായി ഇന്നലെ തിക്കോടി ടൗണില്‍ വന്‍ജനപങ്കാളിത്തത്തോടെ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. പത്താം വാര്‍ഡില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. 11, 12, 13, 14 വാര്‍ഡുകളില്‍ സ്വീകരണം ഏറ്റുവാങ്ങി ജാഥ തിക്കോടി ടൗണില്‍ അവസാനിച്ചു. 600 ഓളം പേരാണ് ജാഥയില്‍ പങ്കുചേര്‍ന്നത്.


തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. ഇതിനെതിരെ വലിയ തോതിലുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ഇതിനകം ഉയര്‍ന്നുവന്നിരുന്നു. നിലവില്‍ മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും നിവേദനം നല്‍കുകയും അവര്‍ നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയുമാണ് നാട്ടുകാര്‍.

നിലവില്‍ അടിപ്പാത ഇല്ലാത്തതു കാരണം ഏറെ ബുദ്ധിമുട്ടിയാണ് തിക്കോടിയിലുള്ളവര്‍ റോഡിനപ്പുറത്തേക്കും ഇപ്പുറത്തേക്കും സഞ്ചരിക്കുന്നത്. സര്‍വ്വീസ് റോഡില്‍ നിന്നും കൂട്ടിയിട്ട മണല്‍ചാക്കുകള്‍ വഴി ദേശീയപാതയ്ക്ക് മുകളില്‍ കയറിയും ഇറങ്ങിയുമൊക്കെയാണ് പ്രായമായവരടക്കും യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി സമരം ശക്തമാക്കി മുന്നോട്ടുവരുന്നത്.