മുത്താമ്പി വൈദ്യരങ്ങാടിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; റോഡും അപകടാവസ്ഥയിലെന്ന് പ്രദേശവാസികള്‍
മുത്താമ്പി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. കടുത്ത വേനലില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഈ ഭാഗത്തുനിന്നും ലിറ്റര്‍ കണക്കിന് വെള്ളമാണ് ദിവസവും പാഴായി പോകുന്നത്.
ഊരള്ളൂരില്‍ നിന്നുള്ള റോഡ് മുത്താമ്പി പേരാമ്പ്ര വൈദ്യരങ്ങാടി റൂട്ടില്‍ മുട്ടുന്നതിന് തൊട്ടടുത്താണ് പൈപ്പ് പൊട്ടിയത്. ദിവസങ്ങളോളമായി വെള്ളം പുറത്തേക്ക് പോകുന്നതിനാല്‍ ഈ ഭാഗത്ത് റോഡ് തകര്‍ന്ന അവസ്ഥയിലാണ്. വെള്ളം ഇനിയും പുറന്തള്ളുന്ന അവസ്ഥയിലായാല്‍ റോഡിന്റെ മറ്റ് ഭാഗം കൂടി തകരുന്ന സ്ഥിതിയാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വെള്ളം നിറഞ്ഞ് റോഡ് തകര്‍ന്ന സ്ഥിതിയിലായതിനാല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഈ ഭാഗം ഒഴിച്ചിട്ടാണ് കടന്നുപോകുകയും വാഹനങ്ങള്‍ തിരിയ്ക്കുകയുമൊക്കെ ചെയ്യുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കും.
നേരത്തെ ഇവിടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന സ്ഥിതിയുണ്ടായിരുന്നു. വെള്ളം കടത്തിവിടുന്നത് നിര്‍ത്തിയതോടെ താല്‍ക്കാലിക ആശ്വാസമായിരുന്നു. എന്നാല്‍ പൊട്ടിയ പൈപ്പ് അടയ്ക്കാതെ വീണ്ടും വെള്ളം തുറന്നുവിട്ടതോടെ പൈപ്പിലെ പൊട്ടല്‍ കൂടുകയും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയുമാണ്.
കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയിലേക്കുള്ള പ്രധാന വഴിയായതിനാല്‍ ഒട്ടേറെ വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തലാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വീഡിയോ: