തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്നുതെറിച്ച് താഴേക്ക്, സുരക്ഷയ്ക്കായി കെട്ടിയ വടത്തില്‍ തൂങ്ങി; മരണത്തിന്റെ വക്കില്‍ നിന്നും കായണ്ണ സ്വദേശിയെ ഏറെ പണിപ്പെട്ട് രക്ഷിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍


കായണ്ണബസാർ: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശിയെ അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കായണ്ണ പൂളച്ചാലില്‍ റിയാസിനെയാണ് (40) രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

കായണ്ണ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുളിയന്‍കുന്നുമ്മല്‍ ചന്ദ്രികയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങിന്റെ മുകള്‍ഭാഗം വീഴുന്ന ആഘാതത്തില്‍ റിയാസും തെങ്ങില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. സുരക്ഷയ്ക്കായി ഭാഗമായി അരയില്‍ കെട്ടിയിരുന്ന വടത്തില്‍ കുടങ്ങി തൂങ്ങിയ നിലയിലായിരുന്നു. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് റിയാസിനെ രക്ഷപ്പെടുത്തിയത്.

അഗ്‌നിരക്ഷാസേനയും നാട്ടുകാരനും തെങ്ങ് കയറ്റതൊഴിലാളിയുമായ വേലായുധന്‍ ചെറുക്കാടും ഏറെ പണിപ്പെട്ടാണ് റിയാസിനെ രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസ്സര്‍മാരായ സോജു.പി.ആര്‍, വിനീത്.വി എന്നിവര്‍ ലാഡര്‍ ഉപയോഗിച്ച് തെങ്ങില്‍ കയറി റെസ്‌ക്യുനെറ്റില്‍ റിയാസിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.

സേന എത്തുന്നതുവരെ ടറിയാസിനെ തെങ്ങുകയറ്റ ഉപകരണത്തിന്റെ സഹായത്താല്‍ തെങ്ങില്‍ ചേര്‍ത്തു നിര്‍ത്തിയ ചെറുക്കാട് ആറങ്ങാട്ട്‌പൊയില്‍ സി.ടി.വേലായുധനെയും അഗ്‌നിരക്ഷാസേനയേയും നാട്ടുകാര്‍ അഭിനന്ദിച്ചു.

സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി.ഗിരീശന്റെയും, അസിം സ്റ്റേഷന്‍ ഓഫീസ്സര്‍ പ്രദീപന്റെയും നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസ്സര്‍മാരായ വി.കെ.നൗഷാദ്, പി.ആര്‍.സത്യനാഥ്, കെ.കെ.ശിഖിലേഷ്, പി.കെ.സിജീഷ്, പിയം വിജേഷ്, കെ. അജേഷ്, കെ.പി.വിപിന്‍, ഹോംഗാര്‍ഡ്മാരായ അജീഷ്, അനീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Summary: In kayanna fire rescue personnel after he fell from the coconut while cutting coconuts and got stuck in the rope