2023ല്‍ കൊയിലാണ്ടിയില്‍ ട്രെയിന്‍തട്ടി മരണപ്പെട്ടത് 20ലേറെ പേര്‍; ഭൂരിപക്ഷവും പുരുഷന്മാര്‍, കൂട്ടത്തില്‍ 17കാരനും


കൊയിലാണ്ടി: കഴിഞ്ഞവര്‍ഷം കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടത് ഇരുപതിലേറെ ആളുകള്‍. വെങ്ങളത്തിനും മൂരാട് പാലത്തിനും ഇടയിലാണ് ഇത്രയേറെ മരണങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ് മരണപ്പെട്ടത്. അതും മുപ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍.

2023ന്റെ തുടക്കത്തില്‍ ജനുവരി മാസമാണ് ട്രെയിന്‍ തട്ടിയതിനെ തുടര്‍ന്ന് ഏറ്റവുമധികം പേര്‍ മരണപ്പെട്ടത്. ആറ് മരണങ്ങളാണ് ജനുവരിമാസമുണ്ടായത്. ആറും പുരുഷന്മാര്‍. ഫെബ്രുവരിയില്‍ ഒരു സ്ത്രീയടക്കം രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു. പിന്നീടുള്ള മൂന്നാല് മാസം ഇത്തരം സംഭവങ്ങള്‍ വളരെ കുറഞ്ഞിരുന്നു. എന്നാല്‍ ആഗസ്റ്റ് സെപ്റ്റംബര്‍ മാസത്തോടെ വീണ്ടും ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് കണ്ടത്. സെപ്റ്റംബറില്‍ മരണപ്പെട്ടവരില്‍ 17വയസുള്ള കുട്ടിയുമുണ്ട്.

ഒക്ടോബറില്‍ അഞ്ച് മരണങ്ങളാണ് ഇത്തരത്തില്‍ സംഭവിച്ചത്. നവംബറില്‍ മൂന്നുപേര്‍ മരണപ്പെട്ടതില്‍ ഒന്ന് സ്ത്രീയാണ്. മരണങ്ങളില്‍ മിക്കതും ആത്മഹത്യയെന്ന് കരുതപ്പെടുന്നത്. എന്നാല്‍ റെയില്‍പ്പാളത്തിലൂടെ നടക്കുന്നതിനിടെയും പാളം മുറിച്ചു കടക്കുന്നതിനിടെയും സംഭവിക്കുന്ന മരണങ്ങളും കുറവല്ല.

ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ കൊയിലാണ്ടിയില്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പരിശോധന കര്‍ശനമാക്കുകയും പാളത്തിലൂടെ അശ്രദ്ധമായി നടക്കുന്നവര്‍ക്കെതിരെയും ഫൂട്ട് ഓവര്‍ ബ്രിഡ്ജിനെ ആശ്രയിക്കാത്തവര്‍ക്കെതിരെയും പിഴ അടക്കമുള്ള നിയമനടപടികളും സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.