വിശിഷ്ടാതിഥികൾ പോലും പ്രസംഗം കേട്ട് എഴുന്നേറ്റ് നിന്ന് കൈകൂപ്പും; കന്മന ശ്രീധരൻ മാസ്റ്ററുടെ പ്രഭാഷണകലയിലെ എഴുപത് വർഷങ്ങൾക്ക് ചെങ്ങോട്ടുകാവിൽ ആദരം


കൊയിലാണ്ടി: പ്രഭാഷണത്തിൽ കോരി തരിച്ച് വിശിഷ്ടതിഥികൾ പോലും എഴുനേറ്റു നിൽക്കും, സാറിന്റെ ക്ലാസ് ആണെന്നറിഞ്ഞാൽ മറ്റുള്ള ക്ലാസ്സുകളിലെ കുട്ടികൾ വരെ ക്ലാസിനു വെളിയിൽ ഒളിച്ചിരുന്ന് കേൾക്കും. തന്റെ വാക്ചാരുതവും കഴിവും കൊണ്ട് കേൾവിക്കാരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടി എടുത്ത കന്മന ശ്രീധരന് ആദരവുമായി ചെങ്ങോട്ടുകാവ് ഗ്രാമം.

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ അൻപതാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.പി.രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും രാഷ്ട്രകീയ സാംസ്‌ക്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്നു കമന ശ്രീധരൻ. പ്രഭാഷണകലയിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കന്മന ശ്രീധരൻ മാസ്റ്ററിനു മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ചെങ്ങോട്ടുകാവ് സൈമലൈബ്രറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുന്നത്.

ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാനായി ചടങ്ങിൽ ദക്ഷിണേന്ത്യയിലെ നർത്തക ദമ്പതികളായ എൻ.ശ്രീകാന്ത്, അശ്വതി ശ്രീകാന്ത് എന്നിവർ അവതരിപ്പിച്ച നടനസാഗരം, ഇബ്രാഹിം വേങ്ങര സംവിധാനം നിർവ്വഹിച്ച നാടകം ‘വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നി പരിപാടികൾ സംഘടിപ്പിച്ചു.

ചടങ്ങിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ,മുൻ എം.എൽ.എ പി.വിശ്വൻ, യു.കെ.രാഘവൻ, സി.വി.ബാലകൃഷ്ണൻ,കരിമ്പനക്കൽ ദാമോദരൻ, ഗ്രാമ പഞ്ചായത്തംഗം തസ്ലീന നാസർ, പൊയിൽക്കാവ് എച്ച്.എസ്.എസ് പ്രധാനാധ്യാപിക ഇ.കെ.ജയലേഖ, ഇ.കെ.ഗോവിന്ദൻ, പി.കെ.ഷാജി, കെ.ഗീതാനന്ദൻ എന്നിവർ സംസാരിച്ചു.

കന്മനയുടെ പ്രസംഗം കേട്ട് പ്രമുഖർ എഴുനേറ്റു നിന്ന് നമസ്കരിച്ചു സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കൊണ്ടം വള്ളി കുഞ്ഞികൃഷ്ണമാരാർക്ക് മേളാചാര്യ പദവി ലഭിച്ചപ്പോൾ കൊണ്ടം വള്ളിയിലും അരയങ്കാവിലും നൽകിയ സ്വീകരണത്തിൽ മേളം പ്രായോഗിമായി അറിയാത്ത കന്മന മേളത്തെ കുറിച്ച് പ്രസംഗിച്ചതു കേട്ട് മട്ടന്നൂർ ശങ്കരൻ കുട്ടി എഴുന്നേറ്റ് നിന്ന് ഒരു പാടു സമയം കൈകൂപ്പി നിന്നത് അദ്ദേഹത്തിൻ്റെ പ്രഭാഷണത്തിൻ്റെ പ്രാധാന്യമായിരുന്നു. അത്തരത്തിൽ മറ്റൊരു സംഭവുമുണ്ടായി. ഗുരു ചേമഞ്ചേരി ആരംഭിച്ച ചേലിയ കഥകളി വിദ്യാലയത്തിൻ്റെ ഗവർണർ പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ കന്മനയുടെ നന്ദി പ്രസംഗം കേട്ട ഗുരു ഗോപിനാഥ് വേദിയിൽ വന്ന് ബൊക്കെ നൽകി ആദരിക്കുകയുണ്ടായി.

നാട്ടിലും കന്മനയുടെ പ്രസംഗത്തിനായി ആളുകൾ കാത്തിരിക്കുമായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കെ എസ് എഫിൻ്റെ താലൂക്ക് ജോസെക്രട്ടറി എന്ന നിലയിൽ പേരാമ്പ്രയിലും ബാലുശ്ശേയിലുമടക്കം താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിക്കാനാരംഭിച്ചു. പിന്നിടും നാട്ടിലെ പല വേദികളിലും കന്മന നിറ സാന്നിദ്ധ്യമായി മാറുകയായിരുന്നു.