ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ മഴ ലഭിച്ചേക്കും എന്നാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം കേരള-കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എന്നാല്‍ കടലില്‍ തിരമാല ഉയരാന്‍ സാധ്യതയുണ്ട്. രാത്രി 11:30 വരെ 1.2 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ വേഗത സെക്കന്റില്‍ 35 സെന്റിമീറ്ററിനും 70 സെന്റിമീറ്ററിനും ഇടയില്‍ മാറി വരാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.