ജില്ലയിലെ 39 ഹോട്ടലുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്


കോഴിക്കോട്: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 39 ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തുകയും പഴകിയ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നടപടി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വാഗതാര്‍ഹമാണ്.

സംസ്ഥാനത്ത് ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതില്‍ ഇതുവരെ 519 ഹോട്ടലുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരം 5, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31, കോട്ടയം 44, ഇടുക്കി 20, എറണാകുളം 57, തൃശ്ശൂര്‍ 59, പാലക്കാട് 60, മലപ്പുറം 66, കോഴിക്കോട് 39, വയനാട് 12, കണ്ണൂര്‍ 46, കാസര്‍ഗോഡ് 25 എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ബാക്കിയുള്ളവ പരിശോധനകളുടെ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി അറിയിച്ചു.

ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് പുതുതായി സജ്ജമാക്കുന്ന ആപ്പിലൂടെയും തൊട്ടടുത്ത് സര്‍ട്ടിഫിക്കറ്റുകളുള്ള ഹോട്ടലുകളറിയാന്‍ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് കണ്ടെത്താന്‍ കഴിയുന്നതാണ്. പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള റേറ്റിംഗാണ് നല്‍കുന്നത്. കടകള്‍ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് വളരെ പ്രധാനം. വൃത്തിയോടൊപ്പം നാല്‍പ്പതോളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റേറ്റിംഗ് നല്‍കുന്നത്.

ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്ററിയിലും ഫോര്‍ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ യെല്ലോ കാറ്റഗറിയിലുമാണ് വരിക. ത്രീ സ്റ്റാറിന് താഴെയുള്ളവര്‍ക്ക് റേറ്റിംഗ് നല്‍കുന്നതല്ല.

ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അടങ്ങുന്ന പ്രത്യേക സ്‌ക്വാഡാണ് അപേക്ഷ നല്‍കിയ സ്ഥാപനങ്ങളില്‍ ശുചിത്വ മാനദണ്ഡ പ്രകാരം പ്രീ ഓഡിറ്റ് നടത്തുന്നത്. പ്രീ ഓഡിറ്റില്‍ കണ്ടെത്തുന്ന നൂനതകളും അത് പരിഹരിച്ച് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും നല്‍കുന്നു. ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉള്‍പ്പടെയുള്ളവ പരിശോധിക്കും. മാത്രമല്ല ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും. അതിന് ശേഷം എഫ്.എസ്.എസ്.എ.ഐ.യുടെ നേതൃത്വത്തില്‍ ഫൈനല്‍ ഓഡിറ്റ് നടത്തിയാണ് സര്‍ട്ടിഫിറ്റ് നല്‍കുന്നത്.

രണ്ട് വര്‍ഷത്തേയ്ക്കുള്ള സ്റ്റാര്‍ റേറ്റിംഗാണ് നല്‍കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും റേറ്റിംഗ് നിലനിര്‍ത്താവുന്നതാണ്. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ്, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം. ഈ സ്ഥാപനങ്ങളെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരീക്ഷിക്കുന്നതാണ്. ഓരോ ഹോട്ടലിലും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് റേറ്റിംഗ് ഉയര്‍ത്താവുന്നതാണ്. ഇതിലൂടെ ഹോട്ടലുകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഉണ്ടാക്കാനും അവരുടെ കച്ചവടം ഉയര്‍ത്താനും പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.