ചിട്ടിയായും നിക്ഷേപമായും ആളുകളില്‍ നിന്ന് കൈക്കലാക്കിയത് ലക്ഷങ്ങള്‍, പണം തിരികെ ആവശ്യപ്പെട്ടതോടെ സ്ഥാപനം പൂട്ടി; കൊയിലാണ്ടിയിലെ ധനകോടി ചിട്ടിക്കമ്പനിയ്‌ക്കെതിരെ പരാതി പ്രളയം


കൊയിലാണ്ടി: നിക്ഷേപകരുടെ പണം നല്‍കാതെ ചിട്ടിക്കമ്പനി പൂട്ടിയതായി പരാതി. കൊയിലാണ്ടി കെ.ഡി.സി ബാങ്കിന് എതിര്‍വശത്ത് മുബാറക് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ധനകോടി ചിട്ടിക്കമ്പനിക്കെതിരേയാണ് പരാതി.നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും കൊയിലാണ്ടി പൊലീസില്‍ ലഭിക്കുന്നത്. പത്തുകേസുകള്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരുലക്ഷം രൂപ മുതല്‍ ഒമ്പത് ലക്ഷം രൂപവരെ തട്ടിച്ചുവെന്നാണ് പരാതി. തുടക്കത്തില്‍ കൃത്യമായി പണം തിരിച്ചുനല്‍കി വിശ്വാസ്യത നേടി. പിന്നീട് വഞ്ചിച്ചെന്നാണ് ആരോപണം.

ആളുകള്‍ പണം തിരികെ ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഏതാണ്ട് ഒരുമാസത്തോളമായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. സുല്‍ത്താന്‍ ബത്തേരിയാണ് ചിട്ടിക്കമ്പനിയുടെ ആസ്ഥാനം. ധനകോടിക്ക് തലശ്ശേരിയിലും കൂത്തുപറമ്പിലും പേരാമ്പ്രയുമെല്ലാം ശാഖയിലുണ്ട്. ഇവിടെയെല്ലാം സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

തവണകളായി പണം സ്വീകരിക്കുന്ന ചിട്ടിയായും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥിരം നിക്ഷേപങ്ങളായും ആളുകളില്‍ നിന്നും പണം സ്വീകരിച്ചിരുന്നു. ധനകോടി നിധി ലിമിറ്റഡ് എന്ന പേരിലുള്ള സ്ഥാപനമാണ് സ്ഥിരനിക്ഷേപം സ്വീകരിച്ചത്.