“അതിനിടയിലാണ് മൗനം ഭേദിച്ച് അവളുടെ ശബ്ദമുയർന്നത്. ഇത് അയാളല്ലേ? നമ്മള് ടീവിയിലൊക്കെ കാണാറുള്ള മുഖത്ത് പാടുകളൊക്കെയുള്ള ആ സഖാവ്, ഞാനൊന്ന് സൂക്ഷിച്ച് നോക്കി”; കൽപ്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രനെ അപ്രതീക്ഷിതമായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചുള്ള പയ്യോളി സ്വദേശിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ


പയ്യോളി: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി പയ്യോളി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. കൽപ്പറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രനെ അവിചാരിതമായി കണ്ട സന്ദർഭത്തെ കുറിച്ച് പയ്യോളി സ്വദേശിയായ നൗഷാദ് കൂനിയത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.

മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി കാന്റീനിൽ വച്ചാണ് നൗഷാദും കുടുംബവും  സി.കെ.ശശീന്ദ്രനെ അപ്രതീക്ഷിതമായി കണ്ടത്. അദ്ദേഹത്തിനടുത്തേക്ക് ചെന്ന് പരിചയപ്പെട്ടതും തുടർന്ന് അദ്ദേഹത്തിൽ നിന്നുണ്ടായ നന്മ നിറഞ്ഞ അനുഭവങ്ങളും ഉൾക്കൊള്ളിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപത്തിൽ വായിക്കാം: 

ആശുപത്രികളിലെ കാന്റീൻ അധികമാരും ഇഷ്ട്ടപ്പെടുന്ന, ഓർമ്മകളിൽ സൂക്ഷിക്കുന്ന ഒരിടമാകാൻ ഒരു സാധ്യതയുമില്ല. രോഗികളും കൂട്ടു കിടപ്പുക്കാരും ആശുപത്രി ജീവനക്കാരും മാത്രം വന്ന് കയറുന്ന ഒരിടത്താവളം മാത്രമാണത്. അവിടുത്തെ വിഭവങ്ങൾക്ക് കണ്ണീരിന്റെ ഉപ്പ് രസമുണ്ടാകും, വിതുമ്പലിന്റെ താളമുണ്ടാകും, കടിച്ചമർത്തിയ വേദനകളുടെ പാടുകളുണ്ടാകും.

കോഴിക്കോട് മിംസ് ആശുപത്രിയിലെ കാന്റീനിൽ ഞങ്ങൾ ചെന്നിരുന്നതും ഇതേ വികാരവിചാരങളോടു കൂടിയാണ്. ഭൂതകാലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിൽ അർത്ഥമില്ലെന്നറിയാം. എങ്കിലും ഇന്നലകൾ പോയ് മറഞ്ഞെന്നും, നാളെകൾ വന്നെത്തിയിട്ടില്ലെന്നും, ഇന്നുകളിലാണ് നമ്മൾ ജീവിക്കുന്നതുമെന്ന ബോധം ഇന്നിപ്പോള്‍ ആവോളമുണ്ട്.

സ്വപ്നങ്ങളിൽ നിന്നും കണ്ണീർ കയത്തിലേക്ക് ആഴ്ന്നിറങ്ങിയവരുടെ കഥകൾ പറയാതെ തരമില്ലല്ലോ.

മകന് ചികിത്സ തേടിയാണ് കോഴിക്കോട് മിംസ് ആശുപത്രിൽ എത്തുന്നത്. രണ്ട് കിഡ്നികളും തകരാറിലായ ഒരു മോന്റെ ജീവിതവും സാഹചര്യങ്ങളുമൊന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

കിഡ്നി മാറ്റി വയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഡോക്ടർമാർ കണിശമായി തന്നെ പറഞ്ഞ കാര്യമാണ്. കിഡ്നി പകുത്ത് നൽകാൻ ഞാൻ സന്നദ്ധനാണ്. അതിന് വേണ്ടി തന്നെയാണ് ഞാനിപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ വന്നിട്ടുള്ളതും.

ഡോക്ടറെ കാണുന്നതിനും ടെസ്റ്റുകൾ നടത്തുന്നതിനും ഇടയിലുള്ള ചെറിയൊരു ഇടവേളയിലാണ് കാന്റീനിൽ അൽപ്പ സമയം ചിലവഴിച്ചത്. സമയം ഏകദേശം വൈകുന്നേരം അഞ്ചരയോടടുത്തു. കാന്റീനിൽ പരക്കെ ബഹളമയമാണ്. ഭക്ഷണം ഓർഡർ ചെയ്യുന്നവരും, ഭക്ഷണം വിളമ്പുന്നവരും, ക്യാഷ് അടക്കാൻ കൗണ്ടറിൽ കാത്ത് നിൽക്കുന്നവരുമൊക്കെയായി ആകെയൊരു ബഹളം.

ഇടയിൽ ഞാനിരിക്കുന്ന ടേബിളിൽ മാത്രം നിശബ്ദതയുടെ വിളയാട്ടം. എപ്പോഴോ ഓർഡർ ചെയ്ത ദോശയിൽ കുത്തിപ്പെറുക്കി അവള് ഒരേയൊരു ഇരുത്തമാണ്. മോനുമതേ, എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി തീർത്ത് സമയം തള്ളി വിടുകയാണ്. ഇവർക്കിടയിൽ എപ്പോഴോ തണുത്തുറഞ്ഞ കാപ്പി കുടിക്കുന്ന തത്രപ്പാടിലാണ് ഞാനും.

അതിനിടയിലാണ് മൗനം ഭേദിച്ച് അവളുടെ ശബ്ദമുയർന്നത്.

‘ഇത് അയാളല്ലേ?’

ഞാനവളെ തലയുയർത്തിയൊന്ന് നോക്കി. മൗനത്തെ കാറ്റിൽ പറത്തി എന്റെ ചുണ്ടുകൾ ചലിച്ചു.

‘ആര്?’ 

‘നമ്മള് ടീവിയിലൊക്കെ കാണാറുള്ള, മുഖത്ത് പാടൊക്കെയുള്ള ആ സഖാവില്ലേ! അയാള്.’

ഞാനൊന്ന് സൂക്ഷിച്ചു നോക്കി. ഒരു കുറിയ മനുഷ്യൻ തന്റെ സഹകാരികളോടൊപ്പം എന്റെ എതിർ വശത്തുള്ള തീൻമേശയ്ക്ക് ചുറ്റുമിരുന്ന് ചായ കുടിക്കുന്നു. ഞാനയാളെ തന്നെ സൂക്ഷ്മതയോടെ നോക്കിയിരുന്നു.

മുഖമാകെ വെളുത്ത പാടുകൾ പടർന്നിട്ടുണ്ട്. പറയത്തക്ക നീളമോ വണ്ണമോ ഒന്നുമില്ല. വസ്ത്രധാരണത്തിലും ഒരു എളിമ പ്രകടമാണ്. വിലകുറഞ്ഞ വരകളുള്ള ഷർട്ടും ചുവന്ന കരകളുള്ള ഡബിൾ മുണ്ടുമാണ് വേഷം. പാദങ്ങൾ സ്വതന്ത്രമാണ്. പാദരക്ഷകളോട് അദ്ദേഹത്തിനെന്തോ പൂർവ്വ വൈരാഗ്യം ഉണ്ടെന്നൊരു തോന്നൽ!

മനസിൽ ചില ചിന്തകളുയർന്നു. ഇത് അയാളല്ലേ? സൂക്ഷ്മതയുടെ കാഠിന്യം വല്ലാതെ വർദ്ധിച്ചു.

അതെ, ഇതയാൾ തന്നെ. കൽപ്പറ്റയുടെ മുൻ എം.എൽ.എ സഖാവ് സി.കെ.ശശീന്ദ്രൻ. വയനാടിന്റെ നിഷ്കളങ്ക മുഖമായ ശശിയേട്ടൻ.

ഇത്ര അടുത്ത് കിട്ടിയിട്ട് ഇയാളെയൊന്ന് പരിചയപ്പെട്ടില്ലെങ്കിൽ അതെങ്ങനെ ശരിയാകും. അങ്ങോട്ട് കയറി ചെന്ന് എന്തെങ്കിലും ചോദിച്ചാൽ അദ്ദേഹത്തിനത് ഇഷ്ട്ടമായില്ലെങ്കിലോ. മാനസിക സമ്മർദ്ദവും റോക്കറ്റ് പോലെ കുതിച്ചുയർന്നു.

വരുന്നത് വരട്ടെ സംസാരിച്ചിട്ട് തന്നെ കാര്യം. രണ്ടും കൽപ്പിച്ച് ശശിയേട്ടന്റെ അടുത്തേക്ക് നടന്ന് നീങ്ങി. അടുത്തെത്തിയതും വിനയത്തിന്റെ ഉച്ചസ്ഥായിയിൽ നിന്ന് സ്വരം താഴ്ത്തി ഞാൻ വിളിച്ചു.

‘ശശിയേട്ടാ…’

അദ്ദേഹം പതിയെ തലയുയർത്തി നോക്കി.

‘ആരാ? ഇരിക്ക്.’

ഉള്ളിലപ്പോഴും ചെറിയൊരു ഭയപ്പാട് പോലെ.

‘വേണ്ട സഖാവേ ഞാനിവിടെ നിന്നോളാം.’

ശശിയേട്ടന്റെ സ്വരമൊന്ന് കടത്തു.

‘ഇരിക്കാനല്ലേ ചെയർ ഇട്ടിരിക്കുന്നത്, നിങ്ങളതിൽ ഇരിക്കണം.’

ഞാൻ ചെയറിൽ ഇരുന്നു. ശശിയേട്ടൻ തുടർന്നു.

‘എന്താ ഇവിടെ?’

‘ശശിയേട്ടാ, എന്റെ പേര് നൗഷാദ്. ഇവിടെ പയ്യോളിയിലാണ് വീട്. മോന്റെ ഒരു ട്രീറ്റ്മെന്റിന് വേണ്ടി വന്നതാണ്. ഇവിടെ വന്നപ്പോഴാണ് സഖാവിനെ കണ്ടത്. ഭാര്യയാണ് സഖാവിനെ കാണിച്ചു തന്നത്. ടീവിയിലൊക്കെ കണ്ടുള്ള പരിചയമല്ലേ ഉള്ളൂ, നേരിട്ടൊന്ന് പരിചയപ്പെടണമെന്ന് തോന്നി.’

‘അതിനെന്താ..’ സഖാവൊന്ന് ചിരിച്ചു, ‘ആട്ടെ മോന് എന്താ പറ്റിയത്?’

തുടക്കം മുതൽ അന്ന് വരെയുള്ള കാര്യങ്ങൾ ഞാൻ സഖാവിന് മുന്നിൽ അവതരിപ്പിച്ചു. എല്ലാം ക്ഷമയോടെ കേട്ടിരുന്ന സഖാവിൽ പിന്നീട് ഞാൻ കണ്ടത് ഒരു പിതാവിന്റെ വാത്സല്യമാണ്.

‘ഇവനല്ലേ ആള്… ഇവനൊരു കുഴപ്പവും ഇല്ലന്നേ. കണ്ടാൽ തന്നെ അറിയാലോ ഇവനൊരു മിടുക്കനാണെന്ന്.’

സഖാവ് മോനെ സ്നേഹ ഭാവത്തോടെ തലോടി.

സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നൊന്നും അറിയില്ല, എന്റെ മിഴികൾ ചെറുതായൊന്ന് നനഞ്ഞു. ദീർഘകാലം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി ഇരുന്നിട്ടുള്ള, അഞ്ച് വർഷം എം.എൽ.എ ആയിരുന്ന, ഇപ്പോഴും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്ന ഒരു മനുഷ്യൻ എന്നെ ക്ഷമയോടെ കേൾക്കുകയും മകനെ താലോലിക്കുകയുമൊക്കെ ചെയ്യുന്നത് വെറുമൊരു സാധാരണക്കാരനായ എന്നെ സംബന്ധിച്ച് വളരെ വലിയൊരു കാര്യം തന്നെയാണ്.

വീണ്ടും ശശിയേട്ടന്റെ ശബ്ദമുയർന്നു.

‘സി.എമ്മിന്റെ ചികിത്സാ സഹായ നിധിയിലേക്ക് അപേക്ഷ കൊടുത്തിട്ടുണ്ടോ?’

‘ഉണ്ട് സഖാവേ, അതൊക്കെ ചെയ്തിട്ടുണ്ട്.’

‘എന്നാൽ പേടിക്കേണ്ട നൗഷാദേ, അതൊക്കെ ശരിയാകും.’

ഞങൾ സംസാരം പാതിയിൽ നിറുത്തി. പിരിയുന്നതിന് മുൻപായി ശശിയേട്ടൻ മൊബൈൽ നമ്പർ എനിക്ക് കൈമാറി. എന്റെ നമ്പർ കുറിച്ചെടുക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. തിരിഞ്ഞ് നടക്കുന്നതിനിടയിൽ വീണ്ടുമൊരാവർത്തി സഖാവിന്റെ ശബ്ദമുയർന്നു.

‘നൗഷാദേ എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം. ആശുപത്രിയിലെ കാര്യങ്ങളറിഞ്ഞാൽ വിളിച്ച് അറിയിക്കണം. ഞാൻ വിളിക്കണ്ട് നൗഷാദേ.’

ആ മനുഷ്യൻ യാത്ര പറഞ്ഞിറങ്ങി. കൺവെട്ടത്ത് നിന്ന് മറയുന്നത് വരെ ഞാൻ സഖാവിനെ തന്നെ നോക്കി നിന്നു. ഞാൻ എന്നോട് തന്നെ പറഞ്ഞ് കൊണ്ടിരുന്നു. എത്ര രാഷ്ട്രീയ നേതാക്കളെ കണ്ടിരിക്കുന്നു, എത്ര പേരെ അറിഞ്ഞിരിക്കുന്നു. പക്ഷേ ഇത്ര വിനയമുള്ള, നിഷ്കളങ്കനായ ഒരു നേതാവിനെ ഞാൻ ഇന്നുവരെ കണ്ടിട്ടും അറിഞ്ഞിട്ടുമില്ല.

ഈ വരുന്ന പതിനെട്ടാം തിയ്യതിയിൽ ഓപ്പറേഷനും തീരുമാനിച്ചാണ് ആശുപത്രിയിൽ നിന്ന് ഞങ്ങൾ മടങ്ങിയത്. ശശിയേട്ടനെ വിളിച്ച് അറിയിക്കണമെന്ന് കരുതിയതാണ്. പിന്നെ അത് വേണ്ടെന്ന് കരുതി. തിരക്കുകൾ ഒരുപാടുള്ള ഒരു നേതാവാണല്ലോ ശശിയേട്ടൻ. അതിനിടയിൽ ഞാൻ വിളിച്ച് ശല്ല്യം ചെയ്യുന്നത് ശരിയല്ലന്നൊരു തോന്നൽ.

എന്റെ തോന്നലുകൾ വെറും മൂഢത്തരമായിരുന്നുവെന്ന്എനിക്ക് തന്നെ ബോധ്യമായി. ഇന്ന് ശശിയേട്ടൻ ഇങ്ങോട്ട് വിളിച്ചിരുന്നു. കാര്യകാരണങ്ങൾ അന്വേഷിച്ച് ആശ്വസിപ്പിച്ചാണ് ആ വലിയ മനുഷ്യൻ ഫോൺ വച്ചത്.

അതിന് ശേഷം വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ.

ഇന്നെനിക്ക് പ്രത്യക്ഷത്തിൽ രാഷ്ട്രീയമോ പക്ഷങ്ങളോ ഇല്ല. എല്ലാവരേയും സ്നേഹത്തോടെ കാണാനേ താൽപ്പര്യമുള്ളൂ. പക്ഷേ ഞാനിന്ന് തിരിച്ചറിയുന്നു, സി.പി.എം എന്ന പ്രസ്ഥാനം രാഷ്ട്രീയമായി വാർത്തെടുത്ത ശശിയേട്ടനെന്ന ആ വലിയ മനുഷ്യനിലെ സ്നേഹവും കരുതലും.