വിയ്യൂർ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാനെ തട്ടിത്തെറിപ്പിച്ചു, ഭണ്ഡാരം വലിച്ചെറിഞ്ഞു


കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആനയിടഞ്ഞു. ഞായറാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. എഴുന്നള്ളിച്ച ശേഷം ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെയാണ് പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചു.

അക്രമാസക്തനായ ആന ക്ഷേത്രത്തിന് മുൻവശത്തുണ്ടായിരുന്ന പ്രധാന ഭണ്ഡാരം ഇളക്കിയെടുത്ത ആന അത് കുളത്തിന് സമീപത്തേക്ക് വലിച്ചെറിഞ്ഞു. മതിലിൽ സ്ഥാപിച്ച വിളക്കുകാലുകളും ആന തകർത്തു.

അനുനയിപ്പിക്കാൻ ശ്രമിക്കുന്ന പാപ്പാന്മാർക്കു നേരെ കണ്ണിൽ കണ്ട സാധനങ്ങൾ വലിച്ചെറിയുകയാണ്. ഒരു മണിക്കൂറിന് ശേഷവും ആനയെ തളയ്ക്കാൻ സാധിച്ചിട്ടില്ല.

പാക്കത്ത് ശ്രീക്കുട്ടൻ

വടകര ഡിവെെഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം, കൊയിലാണ്ടി തഹസിൽദാർ സി പി മണി, കൊയിലാണ്ടി ഫയർഫോഴ്സ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.