20 വാര്‍ഡുകളിലെ 8267 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകുന്നു, 19ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി ഒരുങ്ങുന്നു; ചേമഞ്ചേരിയില്‍ ജലജീവന്‍ പദ്ധതിയുടെ പ്രവൃത്തികള്‍ അതിവേഗത്തില്‍


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വീടുകളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവന്‍ പദ്ധതിയുടെ പ്രവൃത്തികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. 92.45 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിക്കുവേണ്ടിയുള്ള ജലസംഭരണ നിര്‍മ്മിക്കുന്നത് മൂന്നാം വാര്‍ഡിലെ കാഞ്ഞിലശ്ശേരി വാളാര്‍കുന്നിലാണ്. 19ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ജലസംഭരണിയുടെ നിര്‍മ്മാണം ഇവിടെ പുരോഗമിക്കുകയാണ്. ജലസംഭരണിക്കായി 29 സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങിയതാണ്.

പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് ജല വിതരണത്തിലുളള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജല വിതരണ കുഴലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി 75 ശതമാനം പിന്നിട്ടു. ഇടവഴികളിലും റോഡുകളിലും പൈപ്പ് ലൈന്‍ സ്ഥാപിച്ചു കഴിഞ്ഞു.

പഞ്ചായത്തിലെ 20 വാര്‍ഡുകളിലുമുളള 8267 കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാനുളള പദ്ധതിയാണിത്. 2024 അവസാനമാകുമ്പോഴേക്കും കുടിവെളള വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ വീടുകള്‍, അങ്കണവാടി ഉള്‍പ്പടെയുളള വിദ്യാലയങ്ങള്‍ എന്നിവിടങ്ങലിലേക്ക് ജലവിതരണം നടത്തും. രണ്ടാം ഘട്ടത്തില്‍ വിവിധ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലേക്കും പൈപ്പ് ലൈന്‍ സ്ഥാപിക്കും.

മൂന്ന് ഭാഗവും വെളളത്താല്‍ ചുറ്റപ്പെട്ട പഞ്ചായത്താണെങ്കിലും ജലക്ഷാമം ഇവിടെ രൂക്ഷമാണ്. വരള്‍ച്ച കാലത്ത് വാഹനങ്ങളില്‍ കുടിവെളളമെത്തിച്ചാണ് ജലക്ഷാമം പരിഹരിക്കുന്നത്. ഓരോ വര്‍ഷവും പഞ്ചായത്ത് ഇതിന് വന്‍ തുക ചെവഴിക്കണം. കാപ്പാട്, കണ്ണങ്കടവ്, മുനമ്പത്ത് എന്നിവിടങ്ങളിലെ കടലോരവവാസികളും കോരപ്പുഴയുടെ ഓരത്ത് താമസിക്കുന്നവരും ഉപ്പുവെളളളം കൊണ്ടുളള ദുരിതമനുഭവിക്കുന്നവരാണ്. പദ്ധതി പൂര്‍ണമായും യാഥാര്‍ത്ഥ്യമാകുന്നതോടെ പഞ്ചായത്തിലെ കടലോര വാസികളും പുഴയോര വാസികളും കുന്നിന്‍ പ്രദേശത്തുളളവരും അനുഭവിക്കുന്ന കുടിവെളള ക്ഷാമത്തിന് പരിഹാരമാകും.