ശ്രദ്ധിക്കുക, മാര്‍ച്ച് 31ന് മുമ്പ് ഈ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ മറക്കല്ലേ; ഇല്ലെങ്കില്‍ ചിലപ്പോള്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടായേക്കാം- വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: 2022-23 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കും മുന്‍പ് ചെയ്ത് തീര്‍ക്കേണ്ട ചില ഇടപാടുകളുണ്ട്. ഇവയുടെയെല്ലാം അവസാന തിയതി മാര്‍ച്ച് 31 ആണ്. ഏതെല്ലാമാണെന്ന് വിശദമായി നോക്കാം.

ആധാര്‍-പാന്‍ ലിങ്കിംഗ്

ആധാറും -പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി അവസാനിക്കുകയാണ്. മാര്‍ച്ച് 31 ആണ് അവസാന തിയതി. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.

https://eportal.incometax.gov.in/iec/foservices/#/login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലും ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാം.

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ പാന്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സാധിക്കില്ല. 2023 മാര്‍ച്ച് 31 ന് ഉള്ളില്‍ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ പാന്‍ ഇല്ലാതെ ആദായ നികുതി റിട്ടേണ്‍ സാധിക്കില്ല. വരുമാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ പലിശയും പിഴയും പ്രോസിക്യൂഷനും വരെ നേരിടേണ്ടി വരും.

അപ്ഡേറ്റഡ് ആദായ നികുതി റിട്ടേണ്‍

അപ്ഡേറ്റഡായ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം മാര്‍ച്ച് 31 ആണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി റിട്ടേണില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മറന്ന നികുതിദായകര്‍ക്ക് അപ്‌ഡേറ്റ് ചെയ്ത റിട്ടേണ്‍ ഫയല്‍ ചെയ്യാം.

നികുതി ലാഭിക്കാനുള്ള നടപടിക്രമങ്ങള്‍

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി വകുപ്പില്‍ ഇളവ് ലഭിക്കാനുള്ള നിക്ഷേപങ്ങള്‍ നടത്തേണ്ട അവസാന തിയതിയും മാര്‍ച്ച് 31 ആണ്. 80 സി ആനുകൂല്യം ലഭിക്കുന്ന പി.പി.എഫ്, എന്‍.പി.എസ് പോലുള്ള നിക്ഷേപങ്ങളില്‍ മാര്‍ച്ച് 31ന് മുന്‍പ് പങ്കാളിയായാല്‍ മാത്രമേ ഈ സാമ്പത്തിക വര്‍ഷത്തെ നികുതി ഇളവ് ബാധകമാകൂ.

വയ വന്ദന്‍ യോജന

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിരമിക്കല്‍ കാല നിക്ഷേപമായ പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ നിക്ഷേപിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 31 ആണ്. ഈ പദ്ധതി പ്രകാരം നിക്ഷേപകര്‍ക്ക് 7.4% നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. 10 വര്‍ഷമാണ് കാലാവധി.

എസ്.ബി.ഐ പദ്ധതികള്‍

എസ്.ബി.ഐയുടെ വി കെയര്‍ നിക്ഷേപ പദ്ധതിയില്‍ പങ്കാളിയാകേണ്ട അവസാന തിയതിയും മാര്‍ച്ച് 31 ആണ്. ഇതിന് പുറമെ എസ്.ബി.ഐ കലാഷ് പദ്ധതിയും മാര്‍ച്ച് 31ന് അവസാനിക്കും. 400 ദിവസത്തെ നിക്ഷേപത്തിന് 7.60 ശതമാനം വരെ പലിശ നല്‍കുന്നതാണ് പദ്ധതി.