ഇത്തവണ ഊട്ടുന്നത് തലയെടുപ്പുള്ള 12 ആനകളെ; മലബാറിലെ ഏറ്റവും വലിയ ആനയൂട്ടിന് ഒരുങ്ങി വിയ്യൂർ ശക്തന്‍കുളങ്ങര ക്ഷേത്രം


കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് മാര്‍ച്ച് ആറിന് രാവിലെ ആനയൂട്ട് നടക്കും. രാവിലെ എട്ട് മണിമുതല്‍ ഒമ്പതുമണിവരെ ക്ഷേത്ര സന്നിധിയില്‍വെച്ചാണ് ആനയൂട്ട് നടക്കുക.

മലബാറിലെ ഏറ്റവും വലിയ ആനയൂട്ടിനാണ് ശക്തന്‍കുളങ്ങര ക്ഷേത്രം ഇത്തവണ സാക്ഷിയാകുന്നത്. പന്ത്രണ്ട് ആനകളെയാണ് ആനയൂട്ടില്‍ പങ്കെടുപ്പിക്കുന്നത്. ശക്തന്‍കുളങ്ങര ആനപ്രേമി സംഘമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് ആറിന് രാവിലെ ആനകളെ വലിയ വയല്‍ താഴെ നിന്നും സ്വീകരിച്ച് ആനയിച്ച് ക്ഷേത്ര സന്നിധിയില്‍ എത്തിക്കും. തുടര്‍ന്ന് ചെറിയ പറമ്പത്ത് ഗോപാലന്‍ എന്ന ആനയെ ലോക്കറ്റ് സമര്‍പ്പിച്ച് ആദരിക്കും. തുടര്‍ന്നാണ് ആനയൂട്ട് നടക്കുക.

പരിപാടി ക്ഷേത്രം തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയ പറമ്പ് ഇല്ലത്ത് ബ്രഹ്‌മശ്രീ കുബേരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ആനയൂട്ടിന് ഭക്ഷണം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കമ്മിറ്റിയുമായി മുന്‍കൂട്ടി ബന്ധപ്പെടാവുന്നതാണ്.