തലവേദന, ക്ഷീണം, തലകറക്കം ശ്രദ്ധിക്കണം; സ്ത്രീകളിലെ ഈ പ്രശ്‌നങ്ങളുടെ കാരണം ഇതാവാം


ല സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അനീമിയ. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അളവില്‍ നിന്ന് കുറയുമ്പോഴാണ് അനീമിയ എന്ന അവസ്ഥയുണ്ടാകുന്നത്. കൃത്യമായ മരുന്നും ഭക്ഷണവും കഴിക്കാതിരുന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. രക്തപരിശോധനയിലൂടെയാണ് ഒരാള്‍ അനീമിക്ക് ആണോ എന്ന് കണ്ടെത്തുന്നത്. പ്രത്യേക കാരണമില്ലാതെ അമിതമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കാരണം അനീമിയയാണ്. എല്ലാ പ്രായക്കാരിലും അനീമിയ കണ്ടുവരാറുണ്ടെങ്കിലും പൊതുവെ സ്ത്രീകള്‍, ഗര്‍ഭിണികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടാതലായി ഇത് കണ്ടുവരുന്നത്. അനീമിയയുടെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെ ആണെന്ന് സംസ്ഥാന വനിത ശിശു വികസന വകുപ്പ് പറയുന്നത് നോക്കാം.

ഇടവിട്ടുള്ള തലവേദന

അനീമിയയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഇടവിട്ടുള്ള തലവേദന. പലരും ഇത് അത്ര കാര്യമാക്കില്ലെങ്കിലും ദീര്‍ഘനാള്‍ ഇത്തരത്തില്‍ തലവേദന ഉണ്ടാകുന്നുണ്ടെങ്കില്‍ രക്ത പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുമ്പോള്‍ തലച്ചോറിലേക്ക് എത്തുന്ന ഓക്‌സിജന്റെ അളവില്‍ വ്യത്യാസം വരും. ഇതാണ തലവേദനയ്ക്ക് കാരണമാകുന്നത്. മറ്റ് കാരണങ്ങളൊന്നുമില്ലാതെ ആണ് തലവേദന ഉണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും രക്തപരിശോധന നടത്തണം. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് തലവേദനയ്ക്ക് കാരണമാകും.

പകല്‍ സമയത്തുള്ള ഉറക്കം

ചില സ്ത്രീകളെ കണ്ടിട്ടില്ലെ ഏത് സമയത്തും ഉറക്കമായിരിക്കും, പ്രത്യേകിച്ചും പകല്‍ സമത്ത്. അമിതമായ ക്ഷീണം കാരണമാണ് ഇത്തരത്തില്‍ ഉറങ്ങി പോകുന്നത്. വിളര്‍ച്ച ഉള്ളവരായിരിക്കും ഇതില്‍ ഭൂരിഭാഗം പേരും എന്നതാണ് സത്യം. വേണ്ടത്ര രക്തം ശരീരത്ത് ലഭിക്കാതിരിക്കുമ്പോള്‍ ശരീരത്തിലെ ഊര്‍ജ്ജം നശിക്കുന്നു ഇത് വിളര്‍ച്ചയുടെ കാരണമാകാം. ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒരു പരിധിവരെ വിളര്‍ച്ച തടയാന്‍ സഹായിക്കും.

തലക്കറക്കം

ഇരിക്കുന്ന സ്ഥലത്ത് നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം അനുഭവപ്പെട്ടാല്‍ അത് അനീമിയയുടെ ലക്ഷണമാണ്. ഹീമോഗ്ലോബിന്റെ ഉത്പ്പാദനത്തില്‍ ജന്മനാ ഉള്ള കുറവും അനീമിയ്ക്ക് കാരണമാകും. പെട്ടെന്നുണ്ടാകുന്ന തലകറക്കത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ അനീമിയ ആണോ എന്ന് പരിശോധിക്കാന്‍ മറക്കരുത്. അനീമിയ കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെട്ടേക്കാം.

വിളറി വെളുത്ത മുഖം

ചിലരുടെ മുഖം കണ്ടിട്ടില്ലേ വിളറി വെളുത്ത് ഇരിക്കുന്നത് അത് സാധാരണമാണെന്ന് ചിന്തിക്കരുത്. വിളര്‍ച്ച കാരണം മുഖം ഇങ്ങനെയാകാം. ചര്‍മ്മത്തിന്റെ സാധാരണ വെളുപ്പും വിളറിയ വെളുപ്പും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. അനീമിയ ഉള്ള സ്ത്രീകളുടെ ആരോഗ്യ നില വളരെ വേഗത്തിലായിരിക്കും വഷളാകുന്നത്. രക്തം കുറയുമ്പോഴാണ് മുഖം വിളറി വെളുക്കുന്നത്. ഇത്തരത്തിലുള്ളവര്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കാന്‍ ശ്രമിക്കണം.