കൊച്ചി ഫ്ളാറ്റിലെ കൊലപാതകം: അറസ്റ്റിലായ പയ്യോളി സ്വദേശിയുടെ കയ്യില്‍ നിന്ന് മാരക മയക്കുമരുന്ന് പിടികൂടി; കഞ്ചാവുമായി മറ്റൊരു കോഴിക്കോട് സ്വദേശിയും പിടിയിൽ


കൊച്ചി: കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് നിന്നും പിടിയിലായ പയ്യോളി സ്വദേശിയുടെ കയ്യില്‍ നിന്നും മാരക മയക്കുമരുന്നും കഞ്ചാവും പിടികൂടി.
പയ്യോളി സ്വദേശി അര്‍ഷാദിന്റെ കയ്യിൽനിന്നാണ് എംഡിയെ ഉൾപ്പെടെയുള്ള വ പിടികൂടിയത്. ഇയാള്‍ക്കൊപ്പം കോഴിക്കോട് സ്വദേശി അശ്വന്തും പിടിയിലായിട്ടുണ്ട്. അഞ്ച് ഗ്രാം എം.ഡി.എം.എ യും ഒരു കിലോ കഞ്ചാവുമാണ് ഇവരിൽനിന്ന് പിടികൂടിയത്.


മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ കേസിലാണ് അര്‍ഷാദിനെ പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കൂടെ താമസിച്ചിരുന്ന അർഷാദിന് ആയി പോലീസ് അന്വേഷണം ആരംഭിച്ചു. കാസർകോട് നിന്നും മയക്കുമരുന്നുമായി അർഷാദും അശ്വന്തും പിടിയിലാവുകയായിരുന്നു.

അതേസമയം അശ്വന്ത് കൊച്ചി ഫ്ലാറ്റ് കേസില്‍ പ്രതിയല്ലെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരെയും കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കും. സജീവ് കൃഷ്ണയുടെ മരണത്തിനിടയാക്കിയത് മയക്കുമരുന്നുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.


കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിലെ മാലിന്യക്കുഴല്‍ കടന്ന് പോകുന്ന ഭാഗത്ത് തിരുകിയ നിലയില്‍ ഇന്നലെയാണ് സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. സജീവിനൊപ്പമുണ്ടായിരുന്ന അര്‍ഷിദിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കൊലപാതക വിവരം പുറംലോകം അറിഞ്ഞ ശേഷമാണ് പ്രതി മുങ്ങിയത്. സജീവിന്റെ ഫോണ്‍ അര്‍ഷാദിന്റെ കൈവശമാണെന്നും സംശയമുണ്ട്. ഇന്നലെ ഉച്ചവരെ ഈ ഫോണില്‍ നിന്ന് സുഹൃത്തുക്കളുടെ ഫോണിലേക്ക് സന്ദേശം പോയിട്ടുണ്ടായിരുന്നു. പയ്യോളിയിലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലുമെല്ലാം അര്‍ഷാദിനായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

സജീവിന്റെ മൃതദേഹം ആദ്യം തുണിയിലും പിന്നീട് കിടക്കയിലും പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. ആരും കാണാതെ മൃതദേഹം ഇവിടെ നിന്നും മാറ്റാനായിരുന്നു അര്‍ഷാദിന്റെ ശ്രമം. എന്നാല്‍ ഇതിന് കഴിയാതെ വന്നതോടെ ഇയാള്‍ ഫ്ളാറ്റ് പൂട്ടി പോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.സമീപ ഫ്ളാറ്റുകളിലുള്ളവരാണ് മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം അറിയിച്ചത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റു നാലു പേര്‍ കൂടി ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നു. ഇവരാരും സ്ഥലത്തുണ്ടായിരുന്നില്ല.

ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതോടെ മറ്റു സുഹൃത്തുക്കള്‍ ഫ്ളാറ്റിലെ കെയര്‍ടേക്കറെ ബന്ധപ്പെട്ട് ഫ്ളാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നവര്‍ സ്ഥിരം പ്രശ്നക്കാരായിരുന്നുവെന്നാണ് അയല്‍വാസികള്‍ മാധ്യമങ്ങളോടു പറഞ്ഞത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് ഇവര്‍ക്കു പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രശ്നം രൂക്ഷമായതോടെ ഫ്ളാറ്റില്‍നിന്ന് മാറുന്ന കാര്യവും സംസാരിച്ചിരുന്നതായാണ് ഇവര്‍ പറയുന്നത്. രണ്ടു ദിവസം മുന്‍പ് സജീവിനെയും അര്‍ഷാദിനെയും ഒരുമിച്ചു കണ്ടിരുന്നതായും അയല്‍ക്കാര്‍ വെളിപ്പെടുത്തി.

Summary: Murder in Kochi flat: drugs seized from arrested Payyoli resident; One more native of Kozhikode is in custody