കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിനെ ഇടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് അപകടം നടന്നതിനു പിന്നാലെ പ്രതി ഇന്‍ഷുറന്‍സ് പുതുക്കിയതിനാല്‍; സി.സി.ടി.വി ദൃശ്യങ്ങളും നിര്‍ണായകമായി


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിനെ ഇടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് അപകടം നടന്നതിനു പിന്നാലെ പ്രതി കായണ്ണബസാര്‍ സ്വദേശി പ്രബീഷ് ഇന്‍ഷുറന്‍സ് പുതുക്കിയത്. മെയ് 21ന് ചേനോളി റോഡില്‍ നിവേദിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് പ്രബീഷിന്റെ മാരുതി 800 വണ്ടിക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അപകടം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇതാണ് ഡ്രൈവറെ കണ്ടെത്താന്‍ ഏറെ സഹായകരമായത്.

വാഹനമിടിച്ച് റോഡില്‍ കിടന്നിരുന്ന നിവേദിനെ ആശുപത്രിയിലെത്തിക്കുന്നതുവരെ ഒപ്പമുണ്ടായിരുന്ന, അപകടത്തിന് ദൃക്‌സാക്ഷി കൂടിയായ വടയം സ്വദേശി സീനയുടെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി. സീന നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇടിച്ചത് മാരുതി 800 വണ്ടിയാണെന്ന് പൊലീസ് സംശയിച്ചിരുന്നു. അപകടം നടന്നതിനുശേഷം വിവിധ പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിലും ഈ വാഹനം ദൃശ്യമായിരുന്നു. അപകടത്തിനു പിന്നില്‍ കായണ്ണ സ്വദേശിയാണെന്ന് ഉറപ്പിക്കാന്‍ ഇത് സഹായകരമായി.

മെയ് 21ന് രാത്രി എരവട്ടൂര്‍ ചേനായി റോഡിനടുത്തുണ്ടായ വാഹനാപകടത്തിലായിരുന്നു യുവാവ് മരിച്ചത്. പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായ യുവാവിനെ ജോലികഴിഞ്ഞ് രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകവെ അമിതവേഗത്തിലെത്തിയ കാറിടിച്ചുതെറിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്‍ കണ്ടെത്താനായിരുന്നില്ല. പിന്നീട് മേപ്പയ്യൂര്‍ പൊലീസ് കേസ് ഏറ്റെടുക്കുകയും സി.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സംശയം തോന്നി നിരവധി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തെങ്കിലും അപകടത്തിനിടയാക്കിയ കാര്‍ കണ്ടെത്താനായിരുന്നില്ല. ദിവസങ്ങള്‍ക്കു മുമ്പാണ് അപകടത്തിന് ദൃക്‌സാക്ഷിയായിരുന്ന കുറ്റ്യാടി വടയം സ്വദേശി സീനയെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്.

എരവട്ടൂര്‍ ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിവേദിനെ ഇടിച്ചതെന്നാണ് സീന നല്‍കിയ വിവരം. എന്നാല്‍ കാറിന്റെ നിറം സീനയ്ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. നിവേദിനെ ഇടിച്ചുതെറിപ്പിച്ചശേഷം അല്പം ദൂരെയായി നിര്‍ത്തിയ കാര്‍ ഡ്രൈവറെ സഹായം അഭ്യര്‍ത്ഥിച്ച് താന്‍ കൈകൊണ്ട് മാടിവിളിച്ചെങ്കിലും വീണ്ടും വണ്ടിയെടുത്ത് പോകുകയായിരുന്നുവെന്നാണ് സീന പറഞ്ഞത്.

Summary: the petition was crucial evidence to find the death of the accused and to renew the insurence