ക്യാന്‍സറിന് കാരണമാകുന്ന മാരക രാസവസ്തുക്കള്‍; പഞ്ഞിമിഠായി നിരോധിച്ച് തമിഴ്‌നാട്


തിരുവനന്തപുരം: പഞ്ഞിമിഠായിയുടെ വില്‍പന നിരോധിച്ച് തമിഴ്‌നാട്. ക്യാന്‍സറിന്‌ കാരണമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെയാണ്‌
നടപടി.

തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യനാണ് വിലക്കേര്‍പ്പെടുത്തിയ കാര്യം പുറത്തുവിട്ടത്. വസ്ത്രങ്ങള്‍, പേപ്പര്‍, ലെതര്‍‌ എന്നിവയ്ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തു പഞ്ഞി മിഠായിക്ക് പിങ്ക് നിറം ലഭിക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. കാന്‍സറിന് കാരണമാകുന്ന റോഡമീന്‍ ബിയാണ് ഇതിലുള്ളതെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു.

2006ലെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം റോഡമീന്‍ ബി ഉപയോഗത്തിന് വിലക്കുണ്ട്. അതിനാല്‍ ഭക്ഷ്യ വസ്തുക്കള്‍ റോഡമീന്‍ ബി ചേര്‍ത്ത് ഉണ്ടാക്കുന്നതും പാക്ക് ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.

ക്യാന്‍സറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയതോടെ പഞ്ഞിമിഠായിക്ക് പുതുച്ചേരിയിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.