‘നൂറുകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം’; തങ്കമല ക്വാറി അടച്ചു പൂട്ടണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ


കീഴരിയൂർ: വിവാദമായ തങ്കമല ക്വാറി സന്ദർശിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ. സന്ദർശനത്തിന് ശേഷം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്വാറിവിരുദ്ധ പ്രക്ഷോഭത്തിൻ്റെ നയവിശദീകരണ യോഗത്തിൽ സമരസമിതിക്ക് പിന്തുണ അറിയിച്ച്  അദ്ദേഹം സംസാരിച്ചു.

നൂറു കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം വിളിച്ചു വരുത്തുന്ന കീഴരിയൂർ തങ്കമലയിലെ പാറഖനം അടിയന്തരമായി അവസാനിപ്പിച്ച് ക്വാറി അടച്ചു പൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണകൂടം മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം സത്യൻ കടിയങ്ങാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ, ഇ.അശോകൻ, ബ്ലോക്ക് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, ചുക്കോത്ത് ബാലൻ നായർ, ടി.കെ.ഗോപാലൻ, കെ.പി.വേണുഗോപാൽ, കെ.കെ.ദാസൻ, പഞ്ചായത്ത് മെമ്പർമാരായ കെ.സി.രാജൻ, ഇ.എം.മനോജ് തുടങ്ങിയവർ പങ്കെടുത്തു.