കുസാറ്റ് അപകടം: രണ്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റ് ചികിത്സയിലുള്ളത് 38പേര്‍


കൊച്ചി: കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് പേരുടെ നില ഗുരുതരം. 38 പേരാണ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. സാരമായി പരിക്കേറ്റ രണ്ട് പേര്‍ ഐസിയുവിലാണ് ഉള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 18 പേരില്‍ 16പേര്‍ ആശുപത്രി വിട്ടു. നിലവില്‍ രണ്ട് പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.

അപകടത്തില്‍ ഇന്നലെ മരണപ്പെട്ട നാല് പേരുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. രണ്ടു പേരുടെ പോസ്റ്റ്‌മോര്‍ട്ടം കളമശ്ശേരി മെഡിക്കല്‍ കോളേജിലും മറ്റ് രണ്ടു പേരുടേത് എറണാകുളം ജനറല്‍ ആശുപത്രിയിലും നടക്കും. ശേഷം വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കുസാറ്റില്‍ പൊതുദര്‍ശനത്തിന് വെക്കും. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ച നാലുപേര്‍.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് 7മണിയോടെയാണ് ധിക്ഷണ എന്ന പേരില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ടെക് ഫെസ്റ്റിനിടെ അപകടം സംഭവിക്കുന്നത്‌. ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്നലെ പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളയായിരുന്നു നടക്കാനിരുന്നത്. പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്‌ മഴ പെയ്തപ്പോള്‍ പുറത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി ഓടിയപ്പോഴാണ് അപകടമുണ്ടായത്. താഴേക്ക് പടിക്കെട്ടുള്ള ഓഡിറ്റോറിയത്തില്‍ ആദ്യ എത്തിയവര്‍ തിരക്കില്‍പ്പെട്ട് വീഴുകയും പിന്നാലെ എത്തിയവര്‍ ഇവര്‍ക്ക് മുകളില്‍ വീഴുകയും ചെയ്തതോടെയാണ് അപകടം സംഭവിച്ചത്‌.