മേപ്പയ്യൂര്‍ പുറക്കാമലയില്‍ പതിനഞ്ചുകാരനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
മേപ്പയ്യൂര്‍: പുറക്കാമലയില്‍ ഇന്നലെ നടന്ന ജനകീയ പ്രതിഷേധത്തിനിടെ പ്രദേശത്ത് കാഴ്ചക്കാരനായി നിന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. മേപ്പയ്യൂര്‍ സി.ഐ അടക്കം നാലഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മകനെ പിടിച്ചുകൊണ്ടുപോകുകയും ലാത്തികൊണ്ട് കുത്തുകയും പൊലീസ് ബസില്‍വെച്ച് മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കുട്ടിയുടെ അച്ഛന്‍ നൗഷാദ് പറയുന്നത്. പൊലീസ് കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയ്ക്ക് ശാരീരികമായ അസ്വസ്ഥതകളുണ്ടെന്നും അതിനാല്‍ ഇന്ന് പത്താംക്ലാസ് പരീക്ഷയെഴുതയിന് പിന്നാലെ കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. ഇന്നലെ പരീക്ഷയില്ലാത്തതിനാല്‍ സമരം നടക്കുന്ന സമയത്ത് കാഴ്ചക്കാരനായി എത്തിയതാണ് കുട്ടിയെന്നും യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ പൊലീസ് കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് നൗഷാദ് ആരോപിക്കുന്നത്. പൊലീസ് മര്‍ദ്ദനത്തിനെതിരെ ഡി.വൈ.എസ്.പിയ്ക്കും മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയ്ക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും നൗഷാദ് വ്യക്തമാക്കി.
ഇന്നലെ കാലത്ത് പുറക്കാമലയില്‍ വന്‍ പോലീസ് സന്നാഹത്തില്‍ ഖനനം നടത്താനെത്തിയ ക്വാറി സംഘത്തെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍,സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വലിയ ജനക്കൂട്ടം തടയുകയായിരുന്നു. ഖനനം നടത്താന്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞിട്ടു തിരിച്ചയച്ചു.പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകരായ സ്ത്രീകളെ അറസ്റ്റു ചെയ്യാനുള്ള പുരുഷ പോലീസുകാരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു.