സി.സി.ടി.വിയിൽ നിന്ന് രക്ഷപ്പെട്ടു, ആർ.സി മാറ്റുമ്പോൾ കുടുങ്ങി; കോഴിക്കോട്ട് നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ


കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ വി കെയാണ് അറസ്റ്റിലായത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് വീടിൻ്റെ പരിസരത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.

ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം. കാറുമായി ബന്ധുക്കളോടൊപ്പം നഗരത്തിലെ ഗോകുലം മാളിലേക്ക് എത്തിയതായിരുന്നു. എന്നാൽ പാർക്കിം​ഗ് ഏരിയിൽ കാർ നിർത്തിയ ശേഷം താക്കോൾ എടുക്കാൻ മറന്നു. ഉടനെ തിരിച്ചെത്തിയെങ്കിലും നിർത്തിയിട്ടിരുന്ന സ്ഥലത്ത് കാർ കാണാത്തിതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ.സുദർശൻ്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് പോലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുന്നതിനും മുമ്പ് ഇത്തരം വാഹനങ്ങൾ മോഷണം നടത്തിയവരെ രഹസ്യമായി നിരീക്ഷിക്കുന്നതിനുമായി സംഘം പല വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയിരുന്നുന്നത്. നാൽപ്പത് കിലോമീറ്ററിനുള്ളിലെ പെട്രോൾ പമ്പിലേത് ഉൾപ്പെടെ നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. വലിയ സ്ക്രീനിൽ വെച്ച് നോക്കിയെങ്കിലും അവ്യക്തമായ ദൃശ്യങ്ങളായിരുന്നു പോലീസിന് ലഭിച്ചിരുന്നത്. എങ്കിലും ഏകദേശം പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചിരുന്നു. അതിനിടെയാണ് ആർ.സി മാറ്റുന്നതിനിടെ ഒ.ടി.പിക്കായി യഥാർത്ഥ ഉടമസ്ഥനെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നും വിളിക്കാനിടയായത്.

വിവരമറിഞ്ഞ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സ്ഥാപന ഉടമയെ കാണുകയും ആർ.സി മാറ്റാൻ വന്നവരെ കാണുകയും ചെയ്തു. അവർ നാലു ദിവസം മുമ്പ് മറ്റൊരാളോട് വാഹനം വാങ്ങിയതായിരുന്നു. തുടർന്ന് അവരൊടൊപ്പം മോഷണം നടത്തിയ ഷറഫുദീൻ്റെ വീടിനടുത്ത് എത്തുകയും പോലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടുന്നത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് സബ്ബ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ അറസ്റ്റ് രേഖപ്പെടുത്തി.

വിദേശത്ത് ജോലി ചെയ്തിരുന്ന ഷറഫുദീൻ നാട്ടിലെത്തിയ ശേഷം പിന്നീട് വണ്ടി കച്ചവടം നടത്തുകയും അത് പരാജയപ്പെടുകയുമായിരുന്നു. തുടർന്ന് ജോലി അന്വേഷിച്ച് കോഴിക്കോട് എത്തി. മദ്യപിച്ച ശേഷം കറങ്ങി നടക്കുന്നതിനിടയിലാണ് വാഹനം മോഷണം നടത്തുന്നതും കടന്നു കളഞ്ഞതും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ അർജുൻ, രാകേഷ് ചൈതന്യം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ റസ്സൽ രാജ്, കെ.പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്.ശ്രീകാന്ത് എസ്.ശരത്ത്,ഇ.ടി ജിനു എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.