‘അവാര്‍ഡ് ഞങ്ങളിങ്ങ് എടുത്തിട്ടുണ്ടേ…’; മാതൃകാപരമായ സേവനങ്ങള്‍ നടത്തിയ എന്‍.എസ്.എസ് യൂണിറ്റിനുള്ള അവാര്‍ഡ് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്


കൊയിലാണ്ടി: പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ജില്ലയിലെ മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരള ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യൂണിറ്റിനുള്ള കോഴിക്കോട് ജില്ലാ അവാര്‍ഡാണ് സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ലഭിച്ചത്.

കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രിന്‍സിപ്പാള്‍ ശ്യാമള, പ്രോഗ്രാം ഓഫീസര്‍ ദീപ, വൊളന്റിയര്‍മാരായ അഭിഷേക് കൃഷ്ണ, റിഷിന്‍ രാജ്, ഷാല്‍മിയ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

ഹരിതം, ഒപ്പം, കൈത്താങ്, ഉപജീവനം, തനത് ഇടം നിര്‍മാണം, ബാറ്റ്മിന്റണ്‍ കോര്‍ട്ട് നിര്‍മാണം, ജീവാമൃതം, കാടും കടലും, ഫ്രീഡം വാള്‍ നിര്‍മാണം, ലഹരി വിരുദ്ധ ക്യാമ്പെയിന്‍, പുസ്തക തണല്‍, ആരോഗ്യരംഗം, ഉജ്ജീവനം, കൊയ്തുത്സവം, മൊബൈല്‍ ഫോണ്‍ ചലഞ്ച്, കോവിഡ് ബോധവല്‍ക്കരണം, സമദര്‍ശന്‍, സന്നദ്ധം, പ്രഭ, സത്യമേവ ജയതേ, വീ ദി പീപ്പിള്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ യൂണിറ്റിലൂടെ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളിന് അവാര്‍ഡ് ലഭിച്ചത്.

ഹയര്‍ സെക്കന്ററി റീജ്യനല്‍ ഡയറക്ടര്‍ എം.സന്തോഷ് കുമാര്‍, മധ്യമേഖല എന്‍.എസ്.എസ് ഡയറക്ടര്‍ മനോജ് കുമാര്‍ കളിച്ചുകുളങ്ങര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.