പയ്യോളി മേല്‍പ്പാലം പൂര്‍ണ്ണമായും തൂണില്‍ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാവുന്നു;  ഇന്ന്  ജനകീയ സമരസമിതി രൂപീകരിക്കാനൊരുങ്ങി നാട്ടുകാര്‍ 


പയ്യോളി : ദേശീയപാത വികസനത്തോടനുബന്ധിച്ച് പയ്യോളി ടൗണില്‍ നിര്‍മാണമാരംഭിച്ച മേല്‍പ്പാലം പൂര്‍ണ്ണമായും തൂണുകളില്‍ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു.

നിലവില്‍ ടൗണിന്റെ മധ്യഭാഗത്തെ ജംഗ്ഷനില്‍ മാത്രം എട്ട് തൂണുകളിലായി എഴുപത് മീറ്ററില്‍ അടിപ്പാതക്ക് സമാനമായ രീതിയിലാണ് മേല്‍പ്പാല നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ബാക്കി വടക്ക് രണ്ടാം ഗേറ്റ് വരെയും തെക്ക് പോലീസ് സ്റ്റേഷന്‍ വരെയും നീണ്ട വന്‍മതില്‍ കണക്കെ മണ്ണിട്ട് ഉയര്‍ത്തിയ ശേഷം കൂറ്റന്‍ ചുമരുകള്‍ കൂടി നിര്‍മിച്ചാണ് ആറുവരിപ്പാത കടന്നുപോകാനായി നിര്‍മിക്കുക.

എന്നാല്‍ പടിഞ്ഞാറുവശത്തുള്ള നഗരസഭ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ചും മേല്‍പ്പാലം ആരംഭിക്കുന്ന ആറുവരിപ്പാതയില്‍ നിന്ന് സര്‍വീസ് റോഡുകളിലേക്ക് ടൗണിന്റെ രണ്ടറ്റത്തു നിന്നും വാഹനങ്ങള്‍ക്കുള്ള പ്രവേശനം ഏത് രീതിയിലാവുമെന്നതും ബന്ധപ്പെട്ടവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല .

ദേശീയപാത വികസനം പൂര്‍ത്തിയായാല്‍ നഗരസഭ ബസ്സ്റ്റാന്‍ഡ് ഉപയോഗ ശൂന്യമാവുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കാനത്തില്‍ ജമീല എം.എല്‍.എ. പറഞ്ഞു. നിലവില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ അടിഭാഗത്ത് കൂടി വാഹനങ്ങള്‍ക്ക് പ്രവേശിക്കാവുന്ന വിധത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു.

വിഷയമുന്നയിച്ച് ബുധനാഴ്ച വൈകീട്ട് മൂന്നിന് പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷനും ദേശീയപാത വികസന ജനകീയ സമിതി രൂപവല്‍ക്കരണവും നടക്കും.[mid5]