വടകര റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ചു; പ്രതികള്‍ പിടിയില്‍ (സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം)


വടകര: റെയില്‍വെ സ്റ്റേഷനിലെ ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗ് കവര്‍ന്നു. പ്രതികളെ കയ്യോടെ പിടികൂടി പോലീസ്. മുയിപ്പോത്ത് സ്വദേശി കിഴക്കേടത്ത് ശിവപ്രസാദിന്റെ ബാഗാണ് ഇന്നലെ വടകര റെയില്‍വേ സ്റ്റേഷനില്‍ വച്ച് മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടി. നൂറനാട് സ്വദേശി ആസാദ് (52), മലപ്പുറം മനക്കടവത്ത് റഷീദ് (47) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണു സംഭവം നടന്നത്.

സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമില്‍ കിടന്നുറങ്ങുകയായിരുന്നു ശിവപ്രസാദ്. പ്രതികളിലൊരാളായ ആസാദ് അതുവഴി കറങ്ങി നടക്കുകയും ശിവപ്രസാദ് കിടന്നിരുന്ന കസേരയുടെ സമീപം വന്നിരിക്കുകയും പിന്നീട് അടുത്ത് വന്ന് ബാഗ് പരിശോധിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനു ശേഷം ഇയാള്‍ ബാഗ് പിന്നിലെ ബെഞ്ചിലേക്ക് എടുത്തുവെച്ച് അതിലെ സാധനങ്ങള്‍ തിരയുകയായിരുന്നു. ഇതേ സമയം അപരിചിതനെ പോലെ റഷീദ് സ്ഥലത്തേക്ക് വരുകയായിരുന്നു. ആസാദ് ഇരുന്ന ബെഞ്ചിലേക്ക് റഷീദ് വന്നിരിക്കുകയും ഇയാളുടെ കൈവശമുള്ള സഞ്ചിയിലേക്ക് ബാഗില്‍ നിന്ന് സാധനങ്ങള്‍ എടുത്തിടുകയുമായിരുന്നു. സാധനങ്ങള്‍ ഇടുകയും ചെയ്യുന്നത് സിസിടിവിയില്‍ കാണാം. ഇതിനു ശേഷം ബാഗുമായി ഇരുവരും സ്റ്റേഷനു പുറത്തേക്കു പോവുകയുമായിരുന്നു.

ഉറക്കം കഴിഞ്ഞെഴുനേറ്റപ്പോഴാണ് ശിവപ്രസാദ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടനെ തന്നെ ഇയാള്‍ ആര്‍പിഎഫില്‍ പരാതി നല്‍കുകയായിരുന്നു. പതിനേഴായിരം രൂപയുടെ മൊബൈല്‍ ഫോണും എണ്ണായിരം രൂപയും ഉള്‍പ്പെടെയാണ് നഷ്ടപെട്ടത് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മോഷണത്തിന് ശേഷം മറ്റൊരു ട്രെയിനില്‍ കയറി കടന്നു കളയാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനിടയിലാണ് പോലീസ് പ്രതികളെ കയ്യോടെ പിടികൂടിയത്.

ബാഗ് കവരുന്ന സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ റെയില്‍വെ സംരക്ഷണ സേനയാണ് മോഷ്ടാക്കളെ പിടികൂടിയത്.എഎസ്‌ഐ ബിനീഷിന്റെ നേതൃത്വത്തില്‍ പെട്ടെന്നു തന്നെ നടപടി സ്വീകരിക്കുകയായിരുന്നു. കോഴിക്കോട് ആര്‍പിഎഫ് എസ്‌ഐ അപര്‍ണ, ക്രൈം ഡിറ്റക്ഷന്‍ സ്‌ക്വാഡിലെ ബൈജു, ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.