ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ പരിക്കേറ്റ പാടുകൾ, ഷർട്ട് കീറിയ നിലയിൽ


ബാലുശ്ശേരി: ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലംകാട്ടാമ്പള്ളിക്കൽ മൻസൂറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തിയെട്ടു വയസ്സായിരുന്നു.

ഇന്ന് രാവിലെ സ്റ്റാൻഡിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. പിടിവലി നടന്നതായും ഷർട്ട് കീറിയ നിലയിലുമാണ് കണ്ടെത്തിയത്. ബസ് സ്റ്റാന്റിനുള്ളിലെ കടവരാന്തയിലാണ് മരിച്ച കിടന്നിരുന്നത്.

എസ്.ഐ കെ. റഫീഖിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി മൻസൂറിനൊപ്പം ബസ് സ്റ്റാൻഡിലേക്ക് ബൈക്കിലെ എത്തിയതെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

മാതാവ്: സുബൈദ. ഭാര്യ: ഹാജിറ. മക്കൾ: റീനു, മുഹമ്മദ് സിനാൻ. സഹോദരൻ: ഷംസീർ.