ശ്രദ്ധിക്കുക… നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്; ജില്ലയിൽ 61 ഇടങ്ങളിൽ എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങുന്നു, സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം


കൊയിലാണ്ടി: കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ( എ ഐ ) വിദ്യയുമായി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള ‘സേഫ് കേരള’ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഏപ്രിൽ 20ാം തീയതി മുതലാണ് ക്യാമറകൾ പ്രവർത്തനം ആരംഭിക്കുക.

നിയമ ലംഘകരെ മിസാകാതെ പിടിക്കാനായി മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. പ്രധാന ടൗണുകളിൽ ഉൾപ്പെടെ 61 ഇടത്താണ്‌ ജില്ലയിൽ ക്യാമറ മിഴിതുറക്കുന്നത്‌. അതിനാല്‍ എല്ലാവരും ഒന്ന് അതിജാഗ്രതയോടെ പുറത്തിറങ്ങുന്നത് നന്നായിരിക്കും.

ജില്ലയിൽ ക്യാമറകളുള്ള സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം…

തിരുവങ്ങൂർ, ബാലുശേരി, വട്ടോളി ബസാർ, ഉള്ള്യേരി, പുറക്കാട്ടിരി, ഈങ്ങാപ്പുഴ, കോരപ്പുഴ, , പയ്യോളി ബീച്ച്‌, കീഴൂർ, മേപ്പയൂർ, പേരാമ്പ്ര, കൂത്താളി, കോഴിക്കോട്‌ ബീച്ച്‌, മാനാഞ്ചിറ, പാവമണി റോഡ്‌, മാനാഞ്ചിറ, നരിക്കുനി, സാൻഡ്‌ ബാങ്ക്‌, തിരുവള്ളൂർ, വടകര പഴയ ബസ്‌സ്‌റ്റാൻഡ്‌‌,
നല്ലളം, ബേപ്പൂർ, നല്ലൂർ, മാത്തോട്ടം, കല്ലായി, വൈദ്യരങ്ങാടി, ലിങ്ക്‌ റോഡ്‌, ആനക്കുഴിക്കര, കാവിൽ, രാമനാട്ടുകര, ചേവരമ്പലം, വെള്ളിമാട്‌കുന്ന്‌, കുന്നമംഗലം, പാവങ്ങാട്‌, മുക്കം, കട്ടാങ്ങൽ, പൂനൂർ, മദ്രസ ബസാർ, പൂളാടിക്കുന്ന്‌, പന്തീരാങ്കാവ്‌, പുത്തൂർമഠം, വട്ടക്കുണ്ടുങ്ങൽ, കരിക്കാംകുളം, നന്മണ്ട, എരക്കുളം, താഴെ ഓമശേരി, നടുവണ്ണൂർ കക്കാട്‌, പന്നിമുക്ക്‌, പെരുവട്ടം, വില്യാപ്പള്ളി, പാലേരി കുയിമ്പിൽ, ചെറിയകുമ്പളം, കുറ്റ്യാടി, ഓർക്കാട്ടേരി, എടച്ചേരി, പൈക്കളങ്ങാടി, കാപ്പാട്‌, കക്കട്ടിൽ, മേപ്പയിൽ, നാദാപുരം, കല്ലാച്ചി, ചേറ്റുവീട്ടിൽ.

5 വർഷം ദൃശ്യം സൂക്ഷിക്കും

ഗതാഗതനിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അഞ്ച് വർഷം സൂക്ഷിക്കാനുള്ള സംവിധാനം കൺട്രോൾ റൂമിലെ ഡേറ്റാസെന്ററിലുണ്ട്. ദൃശ്യങ്ങൾ ഒരുവർഷം സൂക്ഷിച്ചുവയ്ക്കും പൊലീസോ അന്വേഷണ ഏജൻസികളോ ആവശ്യപ്പെട്ടാൽ നൽകും. നിയമലംഘനത്തിന്റെ അറിയിപ്പ് തത്സമയം വാഹന ഉടമയുടെ മൊബൈലിൽ എത്തുന്ന തരത്തിലാണ് സംവിധാനം.