പണവും രേഖകളുമടങ്ങിയ പേഴ്സ് വീണുകിട്ടി; കൊയിലാണ്ടി ഫയർ സ്റ്റേഷന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അണേലക്കടവ് സ്വദേശിയുടെ നല്ല മാതൃക


കൊയിലാണ്ടി: വീണ് കിട്ടിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി അണേലക്കടവ് സ്വദേശി. ഇരിങ്ങൽ സ്വദേശിനിയായ സ്ത്രീയുടെ പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്സാണ് അണേലക്കടവ് ചെട്ട്യാറമ്പത്ത്  അനിൽ കുമാർ തിരികെയേൽപ്പിച്ചത്. കൊയിലാണ്ടി ഫയർ സ്റ്റേഷന്റെ സഹായത്തോടെയാണ് ഇദ്ദേഹം ഉടമയെ കണ്ടെത്തി പേഴ്സ് തിരിച്ചു നൽകിയത്.

ഇരിങ്ങൽ സ്വദേശിനി സ്വപ്ന ശശിയുടെ പേഴ്സാണ് അനിൽ കുമാറിന് വീണുകിട്ടിയത്. ഉടൻ തന്നെ അദ്ദേഹം കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസിൽ എത്തി സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാട്സ്ആപ്പ് വഴി തന്റെ ഫോൺ നമ്പർ സഹിതം വിവരം ഷെയർ ചെയ്തു.

കൊയിലാണ്ടി ഫയർ സ്റ്റേഷനിലെത്തിയ ഉടമയ്ക്ക് സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ സാന്നിധ്യത്തിൽ അനിൽകുമാർ പേഴ്സ് തിരികെ ഏൽപ്പിച്ചു. നിർമ്മാണ തൊഴിലാളിയായ അനിൽ കുമാർ ചെട്ട്യാറമ്പത്ത് ശ്രീധരന്റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ രജനി. മക്കൾ ശ്രീലയ, ശ്രീലക്ഷ്മി.