വയസ്സ് 78, ഇപ്പോഴും വയലില്‍ എത്തിയില്ലെങ്കില്‍ നെഞ്ചില്‍ പിടച്ചിലാണ്; കര്‍ഷക ദിനത്തില്‍ അറിയാം അണേലയിലെ മാധവിയമ്മയുടെ വിശേഷങ്ങള്‍


കൊയിലാണ്ടി: കൃഷിയും പാടവും ഒക്കെ അന്യംനിന്നുകൊണ്ടിരിക്കുന്ന ഈ പുതുതലമുറക്ക് പാടത്തെ പാഠങ്ങള്‍ അറിയാന്‍ അണേലയില്‍ കേളമ്പത്ത് മാധവിയമ്മ ഉണ്ട്. വയലില്‍ പോവാതെയുള്ള ഒരു ദിവസം പോലും മാധവി അമ്മക്ക് ചിന്തിക്കാന്‍ കഴിയില്ല.

‘ഒരു പണിയും എടുത്തില്ലെങ്കിലാ രോഗം വരുക’ എന്നാണ് മാധവിയമ്മയുടെ വാദം.

ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഭര്‍ത്താവ് ഇല്ലാതായ മാധവിയമ്മ മക്കളെ നേക്കാനായാണ് വയലില്‍ പണിക്ക് പോയിത്തുടങ്ങിയത്.

‘മൂത്തമകന് നാല് വയസ്. ഇളയവന്‍ അന്ന് വയറ്റിലുമാണ്. നേരം വെളുക്കും മുന്‍പേ പണിക്ക് പോകും. ഇരുട്ടിയാലും പണി തന്നെ. പകല്‍ സമയം മുഴുവന്‍ വയലിലാണ്. രാത്രി സമയങ്ങളില്‍ ചൂടി പിരിക്കും പിന്നെ ഓലമടയും.’ -മാധവിയമ്മ പറയുന്നു.

രണ്ടാം കോട്ട് ചന്തുക്കുട്ടി നായരുടെയും കൃഷ്ണന്‍ നായരുടെയും വയലിലെ സ്ഥിരം തൊഴിലാളിയായിരുന്നു മാധവിയമ്മ. പാടത്ത് കട്ട ഉടയ്ക്കും, നുരി വെക്കും, ഞാറ് പറിക്കും, നാട്ടി നടും നെല്ല് കൊയ്യും, മെതിക്കും.. അങ്ങനെ മാധവിയമ്മ എടുക്കാത്ത പണികളില്ല.

ജീവിതം മാധവിയമ്മയെ പഠിപ്പിച്ച പാഠങ്ങള്‍ക്ക് ഇന്നും തിളക്കമേറെയാണ്. എല്ലുമുറിയെ പണിത് ജീവിതം കൊയ്ത മാധവിയമ്മ കൊയിലാണ്ടിയിലെ കർഷക സ്ത്രീകളുടെ പ്രതീകമാണ്.

‘തുടക്കത്തില്‍ അഞ്ചണയായിരുന്നു കൂലി. പിന്നീട് അത് ആറണയായി. കിട്ടിയതെല്ലാം കൂട്ടിവെച്ച് മക്കളെ പഠിപ്പിച്ചു. കൃഷി കൊണ്ട് മാത്രം പോരാതായപ്പോള്‍ പശുവിനെയും പോറ്റി.’ -മാധവിയമ്മ പഴയകാലം ഓർക്കുകയാണ്.

ഞാറ്റുവേലയും കാലാവസ്ഥയും കൃഷിരീതികളുമെല്ലാം മാധവിയമ്മക്ക് മനപ്പാഠമാണ്. കഴിഞ്ഞ സീസണിലും മാധവിയമ്മയുടെ വയലില്‍ നെല്ല് കൊയ്തിരുന്നു.

പ്രായമായി, ഇനി വീട്ടിലിരുന്ന് വിശ്രമിക്കണമെന്നാണ് വീട്ടുകാർ മാധവിയമ്മയോട് പറയുന്നത്. എന്നാൽ ഇതിന് മറുപടിയായി പറയാന്‍ നൂറ് കാരണങ്ങളാണ് അവർക്കുള്ളത്. ഇപ്പോള്‍ ജീവിക്കാനുള്ള ചുറ്റുപാട് ഉള്ളതിനാലാണ് മക്കള്‍ അമ്മയോട് വീട്ടിലിരിക്കാൻ സ്നേഹപൂർവ്വം നിർബന്ധിക്കുന്നത്.

പക്ഷേ ‘ദിവസവും ഒന്ന് വയലില്‍ ഇറങ്ങിയില്ലെങ്കിലോ, പുല്ലരിഞ്ഞില്ലെങ്കിലോ മേലും കയ്യും വേദനയാ’ എന്നാണ് മാധവിയമ്മ പറയുന്നത്.

കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്റെ അമ്മയാണ് മാധവിയമ്മ.