കാത്തിരിപ്പിന് വിരാമം, കട്ട പതിച്ച റോഡിലൂടെ ഇനി സുഖയാത്ര; അറ്റകുറ്റപ്പണികള്‍ക്കായി പത്ത് ദിവസത്തിലേറെ അടച്ചിട്ട ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറന്നു


കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ ആനക്കുളത്തുള്ള റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇന്ന് രാവിലെ വീണ്ടും തുറന്നു. പത്ത് ദിവസം നീണ്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ജനങ്ങളുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്തിക്കൊണ്ട് ഗെയിറ്റ് തുറന്നത്.

ആനക്കുളം റെയിൽവേ ഗെയിറ്റ് തുറന്നപ്പോൾ…


ഡിസംബര്‍ 15 നാണ് ആനക്കുളത്തുള്ള 205-ാം നമ്പര്‍ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. നിലവിലുണ്ടായിരുന്ന ടാറിങ് പൂര്‍ണ്ണമായി ഒഴിവാക്കി പകരം കട്ട പതിപ്പിക്കുന്ന പ്രവൃത്തി നടത്താനായാണ് ഗെയിറ്റ് അടച്ചത്. ഇത്രയും ദിവസം ഗെയിറ്റ് അടച്ചത് ജനങ്ങളുടെ യാത്ര അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലാഴ്ത്തിയിരുന്നു.

മുചുകുന്നിലുള്ള എസ്.എ.ആര്‍.ബി.ടി.എം ഗവ, കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ളവരും കൊയിലാണ്ടി, കോഴിക്കോട്, വടകര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും വിദ്യാര്‍ത്ഥികളുമെല്ലാം കടുത്ത യാത്രാദുരിതമാണ് ഈ ദിവസങ്ങളില്‍ അനുഭവിച്ചത്.

ആനക്കുളം റെയില്‍വേ ഗെയിറ്റ് അടച്ചിട്ട സമയത്ത് കൊല്ലം-നെല്ല്യാടി റോഡ് വഴിയും നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം നടക്കുന്ന വഴിയിലൂടെയുമായാണ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മുചുകുന്നിലേക്കും തിരിച്ചും പോയിരുന്നത്. നേരത്തേ തന്നെ വലിയ കുരുക്കായ കൊല്ലം ജങ്ഷനില്‍ മുചുകുന്നില്‍ നിന്നും തിരിച്ചുമുള്ള വാഹനങ്ങള്‍ കൂടി എത്തിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

കൊല്ലം-നെല്ല്യാടി റോഡില്‍ നിന്ന് മുചുകുന്ന് റോഡിലേക്കുള്ള റോഡ് വളരെ വീതി കുറഞ്ഞതും പാടെ തകര്‍ന്നതുമാണ്. ഒരു ബസ്സിന് മാത്രം കടന്ന് പോകാനുള്ളത്ര വീതിയുള്ള ഈ റോഡില്‍ മറുവശത്ത് നിന്ന് വാഹനം വന്നാല്‍ ഗതാഗതം തടസപ്പെടും. ഇത് കാരണമാണ് വാഹനങ്ങള്‍ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ പണി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തെ ചെമ്മണ്‍പാതയിലൂടെ പോകുന്നത്.

അതിവേഗം തീര്‍ക്കേണ്ടിയിരുന്ന ആനക്കുളം റെയില്‍വേ ഗെയിറ്റിലെ അറ്റകുറ്റപ്പണികള്‍ വൈകിയതില്‍ വലിയ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്ന് ഉയര്‍ന്നത്. യാത്രാദുരിതത്തെ കുറിച്ചും ജനങ്ങളുടെ പ്രതിഷേധത്തെ കുറിച്ചും കൊയിലാണ്ടി ന്യൂസ് ഡോട് കോം ഒന്നിലേറെ വാര്‍ത്തകള്‍ നല്‍കിയിരുന്നു. വേണ്ടത്ര തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ കരാറുകാരന്‍ ഗെയിറ്റിലെ പണികള്‍ നീട്ടിക്കൊണ്ടുപോകുകയാണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

എന്തായാലും ദുരിതയാത്രയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. കട്ടകള്‍ പതിച്ച് സുന്ദരമാക്കിയ ഗെയിറ്റിലൂടെ ഇനി ജനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാം.


Related News: വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തില്‍; മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറക്കാന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കണം – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…