തൊണ്ടയാട് സ്വദേശിയായ വയോധികനെ തട്ടിക്കൊണ്ടുപോയി, ഒരുവര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചു, ബാങ്കിലെ പണവും പെന്‍ഷനും ഉള്‍പ്പെടെ രണ്ടരക്കോടിയോളം വിലവരുന്ന വസ്തു തട്ടിയെടുക്കാന്‍ ശ്രമം; മൂന്നംഗ സംഘത്തിന്റെ പേരില്‍ പോലീസ് കേസെടുത്തു


കോഴിക്കോട്: വയോധികനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നാളുടെപേരില്‍ കേസ്. നിലമ്പൂര്‍ സ്വദേശി ഹിഷാം, തൊണ്ടയാട് മാണിയാടത്ത് രാജു (കുട്ടന്‍), തൊണ്ടയാട് മാണിയാടത്ത് മനോജ് (ഉണ്ണി) എന്നിവരുടെപേരിലാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. പ്രതികള്‍ തൊണ്ടയാട് മാണിയാടത്ത് പറമ്പില്‍ മാധവന്‍ നായരെ (88) തട്ടിക്കൊണ്ടുപോയി ഒരുവര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച സംഭവത്തിലാണ് കേസ്.

മൂന്നംഗസംഘം ഗൂഢാലോചന നടത്തി മാധവന്‍നായരെ ഹിഷാമിന്റെ രാരിച്ചന്‍ റോഡിലുള്ള വാടകവീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി വ്യാജരേഖകള്‍ നിര്‍മിച്ചെന്നും ബാങ്ക് അക്കൗണ്ടിലെ പണവും പെന്‍ഷനും തട്ടിയെടുക്കുകയും സഹോദരന്‍ ശങ്കരനാരായണനും ബന്ധു രാജനും കുടുംബത്തിനുമെതിരേ കള്ളക്കേസുകള്‍ ഉണ്ടാക്കുകയും ചെയ്തതിന്റെപേരിലാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.

മൂന്നംഗസംഘം മാധവന്‍നായരെ ഭീഷണിപ്പെടുത്തി ബന്ധുക്കളുടെപേരില്‍ കോടതിയില്‍ കേസ് കൊടുപ്പിച്ചിരുന്നു. സ്വത്തുക്കള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. തുടര്‍ന്ന് പലതവണ എതിര്‍കക്ഷികളായ ബന്ധുക്കള്‍ കോടതിയില്‍ ഹാജരായെങ്കിലും മാധവന്‍നായര്‍ എത്തിയില്ല. പരാതിക്കാരന്‍ നിര്‍ബന്ധമായും ഹാജരാകുകയോ അല്ലെങ്കില്‍ നാലുലക്ഷംരൂപ കെട്ടിവെക്കുകയോ വേണമെന്ന് കോടതി ഉത്തരവിട്ടപ്പോഴാണ് ഇവര്‍ മാധവന്‍നായരെ ഹാജരാക്കിയത്. അപ്പോഴാണ് ബന്ധുക്കള്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി നസീര്‍ അഹമ്മദിനെ വധിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹിഷാം.

തൊണ്ടയാട് ബൈപ്പാസിലെ രണ്ടരക്കോടിയോളം വിലവരുന്ന വസ്തുവാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. ഹൈക്കോടതിയില്‍ റിട്ട് നല്‍കിയതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജില്ലാ സബ് കോടതി കേസ് ജനുവരി 16-ന് വെച്ചിരിക്കുകയാണ്.