പയ്യോളിയിൽ പേരാമ്പ്ര സ്വദേശിയായ യുവാവിന് നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനം; പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന


പയ്യോളി: യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെയാണ് ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നെല്ല്യേരി മാണിക്കോത്ത് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം.

വിദേശത്തു നടന്ന പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പേരാമ്പ്ര ബാറില്‍ വച്ച് പരിചയപ്പെട്ടവരാണ് കാറില്‍ വച്ച് ജിനീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സംഘം ജിനീഷിനെ കാറിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. പിന്നാലെ സംസാരിക്കുന്നതിനിടയില്‍ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ശേഷം പയ്യോളി കുഞ്ഞാണ്ടി സ്മാരക റോഡില്‍ ഇയാളെ ഉപക്ഷേിച്ച് കടന്നു കളഞ്ഞു.

റോഡിലൂടെ രക്തം വാര്‍ന്ന നിലയില്‍ ഓടിയ ജിനീഷിന് പിന്നാലെ നാട്ടുകാരും ഓടുകയായിരുന്നു, അക്രമികള്‍ പിന്തുടരുന്നുണ്ടെന്ന പേടിയില്‍ സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയെങ്കിലും പേടി കാരണം എവിടെയും നിന്നില്ല. രക്ഷപ്പടാനായി വീണ്ടും ഓടുന്നതിനിടയില്‍ നെല്ലേരി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപത്ത് എത്തിയതോടെ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ കെ.സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.