ട്രാന്‍സ്‌മെന്‍ ഐഡന്റിറ്റിയുടെ പേരില്‍ എന്‍.സി.സി അംഗത്വം നിഷേധിക്കപ്പെട്ടു; നിയമപോരാട്ടവുമായി കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിലെ ഒന്നാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി
കൊയിലാണ്ടി: ട്രാന്‍സ് ഐഡന്റിറ്റിയുടെ പേരില്‍ നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് അംഗത്വം നിഷേധിച്ച നടപടിയ്‌ക്കെതിരെ നിയമപോരാട്ടവുമായി കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജിലെ വിദ്യാര്‍ഥി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജാന്‍വിന്‍ ക്ലീറ്റസാണ് എന്‍.സി.സി അംഗത്വം നിഷേധിക്കപ്പെട്ടതിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ട്രാന്‍സ്‌മെന്‍ വിദ്യാര്‍ഥിയാണ് ജാന്‍വിന്‍ ക്ലീറ്റസ്. ഈ ഐഡന്റിറ്റിയിലാണ് എസ്.എന്‍.ഡി.പി കോളേജില്‍ പ്രവേശനം നേടിയത്. എന്‍.സി.സി പ്രവേശനത്തിനായുള്ള യോഗ്യതാ പരീക്ഷയും ഫിസിക്കലും എല്ലാം പാസായിട്ടും അംഗത്വം നിഷേധിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചതെന്ന് ജാന്‍വിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
എന്‍.സി.സി ആക്ടിവിലെ വകുപ്പ് ആറില്‍ കേഡറുകളുടെ പ്രവേശനത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് ജെന്‍ഡറിനെക്കുറിച്ച് പറയുന്ന ഭാഗത്ത് സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന് മാത്രം സൂചിപ്പിക്കുന്നതാണ് എന്‍.സി.സി അംഗത്വം അനുവദിക്കുന്നതിന് തടസമായി ചൂണ്ടിക്കാട്ടുന്നത്. ”ഏതെങ്കിലുമൊരു ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിയായ ഏതൊരു പുരുഷനും എന്‍.സി.സി സീനിയര്‍ വിഭാഗത്തിലും, ഏതെങ്കിലുമൊരു ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായ ഏതൊരു ആണ്‍കുട്ടിക്കും ജൂനിയര്‍ വിഭാഗത്തിലും പ്രവേശനം നേടാം. ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍ അല്ലെങ്കില്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായ ഏതൊരു ഇന്ത്യന്‍ സ്ത്രീക്കും എന്‍.സി.സിയുടെ സ്ത്രീകളുടെ വിഭാഗത്തിലും പ്രവേശനം നേടാം’ എന്നാണ് നിയമത്തില്‍ പറയുന്നത്. 2020 ഇതേ ചട്ടം പറഞ്ഞ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഹിന ഹനീഫയ്ക്ക് എന്‍.സി.സി പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെതിരെ ഹിന തുടക്കത്തില്‍ നിയമനടപടിയുമായി പോയെങ്കിലും പിന്നീട് പാതിവഴിയില്‍ ഇത് അവസാനിപ്പിക്കുകയാണുണ്ടായത്.
ഈ സാഹചര്യത്തിലാണ് ദിശ എന്ന എന്‍.ജി.ഒയുടെ സഹായത്തോടെ ജാന്‍വിന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോളേജും എന്‍.സി.സി അധ്യാപകനുമടക്കം പിന്തുണയുമായി കൂടെയുണ്ട്. ഹര്‍ജി പരിഗണിച്ച കോടതി കേസില്‍ അന്തിമ വിധിയുണ്ടാകുന്നതുവരെ എന്‍.സി.സി 30 ബറ്റാലിയനില്‍ ഒരു സീറ്റ് ഒഴിച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തമാസമാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.
ഭാവിയില്‍ ട്രാന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഇതുപോലുള്ള പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടികൂടിയാണ് തന്റെ നിയമപോരാട്ടമെന്ന് ജാന്‍വിന്‍ പറഞ്ഞു. ”ഞാന്‍ ഇത് പാതിവഴിയില്‍ ഉപേക്ഷിച്ചാല്‍ നാളെ മറ്റൊരു ട്രാന്‍സ് വ്യക്തിത്വം ഇതേ ചട്ടങ്ങളുടെ പേരില്‍ അര്‍ഹതപ്പെട്ട അവസരം നിഷേധിക്കപ്പെടും. അതിനാല്‍ നിയമപോരാട്ടവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം” അദ്ദേഹം വ്യക്തമാക്കി.