ദേവീവിഗ്രഹത്തില്‍ ചാര്‍ത്താന്‍ ഉടയാട മുസ്ലിം തറവാട്ടില്‍ നിന്ന്; മതവെറിയുടെ ഇന്ത്യയോട് ഓര്‍ക്കാട്ടേരി വിളിച്ചു പറയുന്ന സാഹോദര്യത്തിന്റെ കഥ

തവെറിയുടെ ഈ ​കെട്ട കാലത്തും മനുഷ്യൻ തീർത്ത സാഹോദര്യത്തിന്റെ ​മഹിത കഥകൾ ഈ മണ്ണിലുണ്ട് മായാതെ മറയാതെ..​. കാലം ഏറെ മാറിയിട്ടും മാഞ്ഞുപോകാതെ കിടക്കുന്ന നന്മകൾ. അതിലൊന്നാണ്​, ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം. മഹോത്സവത്തിന്​ കൊടിയിറങ്ങി കഴിഞ്ഞു. ഇത്തവണയും ദേവീ വിഗ്രഹത്തിൽ ചാർത്തിയ ഉടയാട മുസ്​ലീം തറവാട്ടിൽ നിന്ന്​ നൽകിയതാണ്​. അതാണീ ഉത്സവത്തിന്റെ മഹത്വം. ഓർക്കാട്ടേരിക്കിത്​ പുതുമയല്ല. ഐതിഹ്യവും ചരിത്രവും ഇടകലർന്ന്​ കിടക്കുന്ന ഒരാചാരത്തിന്റെ തുടർച്ചയാണിത്​​. പതിറ്റാണ്ടുകളായി തുടർന്ന്​ പോരുന്നത്​. ഇതി​ന്റെ പെരുമ കൂട്ടാനായി ഏറാമല പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓർക്കാ​ട്ടേരി ചന്തയും ഏറെ പ്രസിദ്ധമാണ്​. മലബാറിലെ കന്നുകാലി ചന്തകളിൽ ഒന്നാം സ്​ഥാനത്താണ്​ ഓർക്കാ​ട്ടേരി. ഇപ്പോൾ, വൈവിധ്യങ്ങളുടെ ചന്തയായി ഇതുമാറി. ആയിരങ്ങൾ ഭാഗവാക്കാവുന്ന ചന്ത ഇന്ന്​ നാടിന്റെ പൊതുവികസനത്തിന്​ മുതൽക്കൂട്ടാണ്​.

ഐതിഹ്യമിങ്ങനെ…

ഓർക്കാട്ടേരി താല​പ്പൊലി മഹോത്സവത്തി​ന്റെ ഐതിഹ്യം പുതിയ കാലത്ത്​ ചേർത്ത്​ പിടിക്കേണ്ട ഒന്നാണ്​. അതിങ്ങനെയാണ്​.
കൊടുങ്ങല്ലൂരിൽ നിന്നും ഓർക്കാട്ടേരിയിലെത്തിയ ദേവി പുതുക്കുളങ്ങരയിലെ കുളത്തിൽ നിന്നും കുളിച്ചു. ഈറൻ മാറാൻ വേണ്ട വസ്​ത്രം കൈയിലില്ലായിരുന്നു. ഈ സമയം ഓർക്കാ​ട്ടേരി കായക്കൊടി തറവാട്ടിലെ പാത്തുമ്മയാണ്​ ദേവിക്ക്​ വസ്​ത്രം നൽകിയതെന്നാണ്​ പറയപ്പെടുന്നത്​. ഇതിന്റെ പ്രത്യുപകാരമെന്നോണം ഓർക്കാ​ട്ടേരി പള്ളി നിർമ്മിക്കാൻ ദേവി സ്​ഥലം നൽകിയെന്നും ഇതി​ന്റെ ഓർമ്മ നിലനിർത്താനെന്നോണം താലപ്പൊലി മഹോത്സവ നാളിൽ ദേവിക്ക്​ ഉടയാടയായി ചാർത്താനുള്ള വസ്​ത്രം നൽകിവരുന്നതുമായാണ്​ വിശ്വാസം​.

ഈ ഐതിഹ്യത്തിന്റെ തുടർച്ചയായിട്ടാണിവി​ടെ പാത്തുമ്മയുടെ പിന്തുടർച്ചക്കാർ ​നടപ്പാക്കുന്നത്​. മുൻപ്​ മുൻ ഏറാമല പഞ്ചായത്ത്​ പ്രസിഡൻറും കായക്കൊടി തറവാട്ടിലെ അംഗവുമായ മാവുള്ളതിൽ ഇബ്രാഹീം ഹാജിയാണ്​ കാച്ചി നൽകി വന്നത്​. ഇപ്പോൾ മകൻ അബ്​ദുല്ലയാണ്​ ഉടയാട (കാച്ചി) നൽകിവരുന്നത്​.

എല്ലാവർഷവും ക്ഷേത്രത്തിനടുത്ത്​ വെച്ച്​ ശാന്തിക്കാരൻ മുൻപാകെ കാച്ചി മുണ്ട്​ സമർപ്പിക്കുകയാണ്​ ചെയ്യുന്നത്​. തുടർന്ന്​, ദേവിക്ക്​ ഉടയാടയായി കാച്ചി മുണ്ട്​ ഉപയോഗിക്കും.
കാച്ചിമുണ്ട്​ സമർപ്പണം ഏറെ ഭക്​ത്യാദരപൂർവമാണിവിടെ നടക്കുന്നത്​. ഒരു ദേശത്തിന്റെ സാഹോദര്യത്തി​ന്റെ, പ്രതീകമാണ്​ കാച്ചി സമർപ്പണത്തിലൂടെ വെളിപ്പെടുന്നത്​. പുതിയ കാലത്ത്​ നാം മറന്നു​കൂടാത്ത കൊടുക്കൽ വാങ്ങലുകളുടെ ഓർമ്മപ്പെടുത്തലാണിതെന്നാണ്​ നാട്ടുകാർക്ക്​ പറയാനുള്ളത്​.

ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറിയ ജനുവരി 26നാണ് ഇത്തവണ ഓര്‍ക്കാട്ടേരി ചന്ത തുടങ്ങിയത്. വിവിധ റൈഡുകളും വിനോദ, വിജ്ഞാന പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുള്ള ചന്തയിലേക്ക് അവ കാണാനും ആസ്വദിക്കാനുമായി ഇപ്രാവശ്യവും നിരവധി ആളുകളാണ് ഒഴുകിയെത്തിയത്.

വ്യത്യസ്തമായ ഹൈടെക് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ഈ വര്‍ഷത്തെ ചന്തയുടെ പ്രധാന ആകര്‍ഷങ്ങളിലൊന്നായിരുന്നു. പിന്നെ കേരളത്തിലെ ഏറ്റവും വലിയ ഇക്കോ പെറ്റ്‌സ് ഷോ, കംപ്യൂട്ടര്‍ ട്രെയിന്‍, സലാംബോ, കാറ്റര്‍പില്ലര്‍, ത്രീഡിഷോ, ടവര്‍ ബലൂണ്‍, മരണക്കിണര്‍ തുടങ്ങിയവയും കല്‍ച്ചട്ടി, പുല്‍പ്പായ, പായ, ഹല്‍വ തുടങ്ങിയ വിവിധ ഉത്പന്നങ്ങളുടെ 350 ഓളം കച്ചവടസ്റ്റാളുകളും എല്ലാപ്രാവശ്യത്തെയും പോലെ ഇത്തവണയും ഓര്‍ക്കാട്ടേരി ചന്തയെ ജനപ്രിയമാക്കി.

കാലത്തിനൊപ്പം പ്രദേശത്തിന്റെ കൂട്ടായ്മയുടെ കൂടി ഉത്സവമായി ഓര്‍ക്കാട്ടേരി ചന്ത മുന്നേറുകയാണ്.  ക്ഷേത്രോത്സവം ജനുവരി 31ന് അവസാനിച്ചതിന് പിന്നാലെ ഫെബ്രുവരി അഞ്ചിന് ചന്തയും സമാപിച്ചു. ഇനി അടുത്ത വര്‍ഷത്തെ ചന്തക്കായി കാത്തിരിക്കുകയാണ്  ഇവിടത്തുകാര്‍.