കൊടിയത്തൂരില്‍ ഒന്‍പതാം ക്ലാസുകാരനെ ഇടിച്ചിട്ടത് പെര്‍മിറ്റില്ലാത്ത വാഹനം; സ്‌കൂളിനെതിരെയും ഗുരുതര ആരോപണങ്ങള്‍


കൊടിയത്തൂര്‍: സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങള്‍. കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്‌കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

എന്നാല്‍ അപകടത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയുള്‍പ്പെടെ അറിയിക്കാന്‍ ഏറെ വൈകിയെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി. അപകടമുണ്ടാക്കിയ കെ എല്‍ 57 ഇ 9592 എന്ന സ്‌കൂള്‍ ബസിന് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റില്ലെന്നും ആരോപണമുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിക്കുമ്പോള്‍, ഓഗസ്റ്റ് മാസത്തോടെ പെര്‍മിറ്റ് കാലാവധി തീര്‍ന്നതായാണ് കാണുന്നത്.

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതടക്കമുള്ള ഗുരുതര വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ആരോപണം. എന്നാല്‍ പെര്‍മിറ്റ് പുതുക്കിയതെന്നും വെബ്‌സൈറ്റില്‍ കാണാത്തത് സാങ്കേതിക പിഴവാകാമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നത്. കുട്ടിക്ക് ചികിത്സ നല്‍കുന്ന കാര്യത്തിലുള്‍പ്പെടെ അലംഭാവമുണ്ടായിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

അടുത്തടുത്തായി നിര്‍ത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങള്‍ കുഴിയില്‍ അകപ്പെട്ടാണ് അപകടം നടന്നത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്‌കൂള്‍ ബസില്‍ ഉരസുകയും ചെയ്തു. ഇതിനിടെ ബസുകള്‍ക്കിടെയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയില്‍പ്പെടുകയായിരുന്നെന്നാണ് വിവരം.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

summary: a serious allegation has been made against the school in the case of the students death after being hit by a school bus in kodiyathur