കരള്‍ മാറ്റിവെയ്ക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായി വേണം അറുപത് ലക്ഷത്തോളം രൂപ; മുചുകുന്ന് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു, കൈകോര്‍ത്ത് നാട്ടുകാരും


മുചുകുന്ന്: കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുചുകുന്ന് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ കരുണ തേടുന്നു. മുചുകുന്ന് കിഴക്കേവളപ്പില്‍ രജീഷ് (42) ആണ് പൊതുജനങ്ങളുടെ സഹായത്തിനായ് അഭ്യര്‍ത്ഥിക്കുന്നത്. അറുപത് ലക്ഷത്തോളം രൂപയാണ് രജീഷിന് ചികിത്സയ്ക്കായി ആവശ്യമുള്ളത്.

മൂന്ന് മാസത്തോളമായി കരള്‍ രോഗത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജീഷിന് കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് ഇനി മാര്‍ഗ്ഗമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഭാര്യ തന്നെയാണ് കരള്‍ നല്‍കുന്നത്. എന്നാല്‍ രോഗിക്കൊപ്പം ദാതാവിനും സര്‍ജറിയും ദീര്‍ഘകാലത്തെ തുടര്‍ ചികിത്സയും ആവശ്യമാണ്. അതിനാല്‍ തന്നെ ഈ തുക കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതല്ല.

കര്‍ഷകതൊഴിലാളിയായ അച്ഛനും അമ്മയും ഭാര്യയും രണ്ട് ചെറിയ കുട്ടുകളും അടങ്ങുന്നതാണ് രജീഷിന്റെ കുടുംബം. രജീഷും ക്ഷീരകര്‍ഷകനായിരുന്നു. രോഗത്തോടൊപ്പം കുടുംബം നേരിടുന്ന സാമ്പത്തിക പ്രശ്‌നത്തില്‍ നിന്നും കുടുംബത്തെ സഹായിക്കാനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ജനപ്രതിനിതികളെയും പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സഹായ കമ്മിറ്റി രൂപവത്കരിച്ചു. അതോടൊപ്പം സഹായിക്കാന്‍ സന്നദ്ധരായ മറ്റുള്ളവരുടെയും സഹായം തേടുകയാണ് കുടുംബം.

പഞ്ചായത്തംഗം കെ.പി ലത ചെയര്‍ പേഴ്‌സണും, നെല്ലിമഠം പ്രകാശന്‍ കണ്‍വീനറും, കെ.എം കുഞ്ഞിക്കണാരന്‍ ട്രഷററുമായാണ് സഹായ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. കേരള ഗ്രാമീണ ബാങ്ക് മുചുകുന്ന് ശാഖയില്‍ അകൗണ്ട് തുടങ്ങിയിട്ടുണ്ട് അകൗണ്ട് നമ്പര്‍: 40241101048548. ഐ.എഫ്.എസ്.സി KLGB0040241. ഫോണ്‍ 9061358302.