പുതിയ മണ്ണുമാന്തിയന്ത്രം വാങ്ങാനായി കൊണ്ടുവന്ന പണം എസ്‌കവേറ്ററിനുള്ളില്‍ സൂക്ഷിച്ചു, തിരിച്ചുപോകുമ്പോള്‍ പണമെടുക്കാന്‍ മറന്നു; കീഴരിയൂര്‍ സ്വദേശിയുടെ അഞ്ചുലക്ഷം രൂപയുമായി ഡ്രൈവര്‍ മുങ്ങി


പയ്യോളി: എസ്‌കവേറ്ററില്‍ സൂക്ഷിച്ച അഞ്ചുലക്ഷം രൂപയുമായി അസം സ്വദേശിയായ ഡ്രൈവര്‍ മുങ്ങി. ഡ്രൈവര്‍ മുക്‌സിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ടൗണിന് സമീപം എം. സാന്‍ഡ് വിപണനം നടത്തുന്ന കീഴരിയൂര്‍ മീത്തലെകാരയില്‍ നാസറിന്റെ അഞ്ചുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.

രാവിലെ അഞ്ചരയോടെ മുക്‌സിദുലുമായാണ് നാസര്‍ ജോലിക്കെത്തിയത്. പുതിയ മണ്ണുമാന്തിയന്ത്രം വാങ്ങാനായി കൊണ്ടുവന്ന അഞ്ചുലക്ഷംരൂപ നാസര്‍ എസ്‌കവേറ്ററിനുള്ളില്‍ സൂക്ഷിച്ചു. തിരിച്ചുപോകുമ്പോള്‍ പണമെടുക്കാന്‍ നാസര്‍ മറന്നു. പിന്നീട് ഓര്‍മവന്ന് പണമെടുക്കാന്‍ ഏഴരയോടെ തിരിച്ചെത്തിയെങ്കിലും പണവും ഡ്രൈവയും കാണാനില്ലായിരുന്നു.

ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തൃശ്ശൂരില്‍ താനുണ്ടെന്നും കൈവശമുള്ള പണം നല്‍കാമെന്നും നാസറിനോട് പറഞ്ഞു. എന്നാല്‍, നാസര്‍ തൃശ്ശൂരിലെത്തിയപ്പോള്‍ ഡ്രൈവറുടെ ഫോണ്‍ ഓഫായനിലയിലായിരുന്നു.

തുടര്‍ന്നാണ് നാസര്‍ പോലീസില്‍ പരാതിപ്പെടുന്നത്. സ്ഥിരംഡ്രൈവര്‍ക്ക് പകരക്കാരനായി പത്തുദിവസം മുന്‍പാണ് അസം സ്വദേശി മുക്‌സിദുല്‍ ജോലിക്കെത്തിയത്. പ്രതിക്കായി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സി. സുഭാഷ്ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

summary: a diver, the native of Assam, drowned with five lakh rupees kept in the excavator