കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഒരു തോണിയാത്ര, പ്രകൃതിയൊരുക്കിയ പച്ചപ്പിന്റെ കോട്ട; കൊയിലാണ്ടിയില്‍ നിന്നും രണ്ടുമണിക്കൂര്‍ കൊണ്ടെത്താം വള്ളിക്കുന്നിലെ കണ്ടല്‍ക്കാടുകളില്‍
കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ തോണിയില്‍ സഞ്ചരിച്ച്, പ്രകൃതിയൊരുക്കിയ ഹരിതാഭകണ്ട്, സായാഹ്നത്തില്‍ അറബിക്കടലിലെ സൂര്യാസ്തമയം ആസ്വദിക്കണോ? വള്ളിക്കുന്നിലേക്ക് വരൂ… കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വില്‍ സഞ്ചാരികൾക്കായി കടലുണ്ടിപ്പുഴയിലെ ദൃശ്യഭംഗി കാത്തിരിപ്പുണ്ട്.
വെള്ളത്തിനു നടുവിലെ പച്ചപ്പിന്റെ കോട്ട പോലെയാണ് വള്ളിക്കുന്നിലെ കണ്ടൽക്കാടുകൾ ദൂരക്കാഴ്ചയിൽ. കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലുമാണ് കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് വ്യാപിച്ചുകിടക്കുന്നത്. 50 ഹെക്ടറോളം പൂര്‍ണമായും കണ്ടല്‍ വനമേഖലയാണ്.
കണ്ടൽക്കാടുകളുടെ പരിസ്ഥിതി പ്രാധാന്യം മനസ്സിലാക്കി 2007ൽ ഇത് കമ്യൂണിറ്റി റിസർവായി പ്രഖ്യാപിക്കപ്പെട്ടു. കേരളത്തിലെ ആദ്യ കമ്യൂണിറ്റി റിസർവ് കൂടിയാണിത്. കണ്ടൽക്കാടുകളിൽ ഭൂരിഭാഗവും വള്ളിക്കുന്ന് പഞ്ചായത്തിലാണെങ്കിലും കമ്യൂണിറ്റി റിസർവിന്റെ പ്രവേശനം കടലുണ്ടി പഞ്ചായത്തിലൂടെയാണ്.
കമ്യൂണിറ്റി റിസര്‍വ് ഓഫീസ് പരിസരത്തുനിന്നാരംഭിക്കുന്ന തോണിയാത്രയാണ് പ്രധാന ആകര്‍ഷണം. കണ്ടല്‍ക്കാടുകള്‍ ചുറ്റിയാണ് യാത്ര. നാലിനം കണ്ടല്‍ച്ചെടികളാണ് റിസര്‍വിലുള്ളത്. പക്ഷിസങ്കേതത്തിനു ചുറ്റും സീസണില്‍ വിവിധയിനം ദേശാടനപ്പക്ഷികളെ കാണാനാകും. കടലുണ്ടിക്കടവ് അഴിമുഖവും സൂര്യാസ്തമയവും കാണാനുള്ള സൗകര്യവുമുണ്ട്. റിസര്‍വിനെയും മേഖലയെയും പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് വനംവകുപ്പ് വാച്ചര്‍മാരുടെ സഹായവും തേടാം. സ്വകാര്യ ടൂറിസം ബോട്ട് സൗകര്യവുണ്ട്.
രണ്ടുഭാഗത്തും കടലുണ്ടിപ്പുഴ, നടുവിൽ കണ്ടൽക്കാടുകളുടെ പച്ചപ്പ്. അവിടവിടെയായി തെങ്ങിൻതോപ്പുകൾ നിറഞ്ഞ തുരുത്തുകൾ. പടിഞ്ഞാറ് അറബിക്കടലിന്റെ അഴിമുഖം. കാഴ്ചകളുടെ വലിയ സാധ്യതയാണ് വള്ളിക്കുന്ന്– കടലുണ്ടി കമ്യൂണിറ്റി റിസർവ് സഞ്ചാരികൾക്കായി തുറന്നുവയ്ക്കുന്നത്. കണ്ടൽക്കാടുകളുടെ സൗന്ദര്യം അടുത്തുകാണാൻ കമ്യൂണിറ്റി റിസർവിന്റെ ജെട്ടിയിൽനിന്ന് ബോട്ടിൽ പോകണം. നേരത്തേ പറയുകയാണെങ്കിൽ മിതമായ നിരക്കിൽ ഭക്ഷണസൗകര്യവും അധികൃതർ ഒരുക്കി നൽകും.കണ്ടൽക്കാടുകളിലുടെയുള്ള തോണിയാത്ര.
വൈവിധ്യമാർന്ന മീൻ വിഭവങ്ങൾ കൂട്ടിയൊരു ഊണ്. ഇവിടെയെത്തിയാൽ മിസ് ആക്കാൻ പാടില്ലാത്ത ഒരു കാര്യം ഇതാണ്. പല തരത്തിലുള്ള മീൻ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഊൺ നൽകുന്ന ഒട്ടേറെ സ്ഥാപനങ്ങൾ കടലുണ്ടിയിലും വള്ളിക്കുന്നിലുമായുണ്ട്. പുഴമീൻ വിഭവങ്ങളാണ് ഇതിൽ പ്രശസ്തം. അഴിമുഖത്തോടു ചേർന്നുള്ള പാലത്തിൽ നിന്നുള്ള അസ്തമയക്കാഴ്ചയും നിർബന്ധമായും കണ്ടിരിക്കണം. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് ആറു വരെയാണ് പ്രവേശന സമയം.
പരീക്ഷകൾ തീർന്ന് അവധിക്കാല ട്രിപ്പുകൾക്കു സ്ഥലം നോക്കുന്ന തിരക്കിലാണെങ്കിൽ കടലുണ്ടി– വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് തീർച്ചയായും ലിസ്റ്റിൽ ഉൾപ്പെടുത്താം. കണ്ടാൽ ഇഷ്ടം കൂടുന്ന പ്രകൃതിയുടെ വിരുന്നുതന്നെയാണ് ഇവിടത്തെ കണ്ടൽക്കാടുകൾ.