നവകേരള സദസിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം; കരിങ്കൊടി കാട്ടി പ്രതിഷേധത്തിനൊരുങ്ങിയ 8 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍, പ്രതീകാത്മകമായി 21 വാഴകള്‍ നട്ടു
കോഴിക്കോട്: നവകേരള സദസിനെതിരെ കോഴിക്കോട്ട് വിവിധയിടങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധം. കുറ്റിക്കാട്ടൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി 21 വാഴകള്‍ നട്ട് പ്രതിഷേധിച്ചു.
മുക്കം മാങ്ങാപ്പൊയിലില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാട്ടി പ്രതിഷേധത്തിനൊരുങ്ങിയ 8 യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നജീബുദ്ധീൻ, എ.എം നസീർ കല്ലുരുട്ടി, ശിഹാബ് മുണ്ടുപാറ, ശരീഫ് വെണ്ണക്കോട്, ജിഹാദ് തറോൽ, ആഷിക് നരിക്കൊട്ട്, അബ്ദുറഹ്മാൻ പി.സി, മിദ്ലാജ് വി.പി എന്നിവരാണ് കസ്റ്റഡിയിലുളളത്.
നവകേരള സദസിനെതിരെ മുക്കത്ത് യൂത്ത് ലീഗിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ഇത് നവകേരളം ഉണ്ടാക്കുകയല്ല, സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂര്‍ത്താണെന്ന’ വാചകങ്ങളോട് കൂടിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുസ്ലീം മുക്കം നഗരസഭാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അതേ സമയം എതിര്‍പ്പുകള്‍ക്കിടയിലും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, ലീഗ് നേതാക്കൾ നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുത്തു.