ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഷീല ടീച്ചര്‍ അധികാരമേറ്റു; സന്ധ്യ.എം.പി വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍


ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഷീല ടീച്ചര്‍ സത്യപ്രതിജ്ഞ ചെയ്തു. നാലാം വാര്‍ഡായ തുവ്വക്കോട് നിന്നുള്ള പഞ്ചായത്തംഗമാണ്.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പി ഷീല എട്ടിനെതിരെ 11 വോട്ടുകൾക്ക് വിജയം നേടി. ബി. ജെ. പി അംഗം രാജേഷ് വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

പഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരമേറ്റ സമയത്തുണ്ടാക്കിയ ധാരണപ്രകാരമാണ് എല്‍.ജെ.ഡിയില്‍ നിന്നുള്ള ഷീല ടീച്ചര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. മുന്നണി ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം സി.പി. എമ്മും എൽ. ജെ. ഡിയും രണ്ടര വർഷം വീതം പങ്കുവെക്കുകയായിരുന്നു

നേരത്തെ വൈസ് പ്രസിഡന്റായിരുന്ന വെങ്ങളത്തുനിന്നുള്ള പഞ്ചായത്തംഗം അജ്‌നഫ് രാജിവെച്ചൊഴിഞ്ഞിരുന്നു. തുടര്‍ന്നാണ് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടി ആയിരുന്ന ഷീല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്.

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി പതിനൊന്നാം വാര്‍ഡായ കോരപ്പുഴയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്ധ്യ. എം.പി ചുമതലയേറ്റു. നേരത്തെ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗമായിരുന്നു സന്ധ്യ.