എലത്തൂരിനെ ആശങ്കയിലാഴ്ത്തി 34,000 ലിറ്റർ എഥനോളുമായി വന്ന ടാങ്കറിൽ ചോർച്ച; കൊയിലാണ്ടിയിൽ നിന്നുൾപ്പെടെയുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി ചോർച്ച അടച്ചു
എലത്തൂർ: എഥനോളുമായി വന്ന ടാങ്കർ ലോറിയിൽ ചോർച്ച. വൈകീട്ട് അഞ്ചരയോടെ എലത്തൂരിലാണ് സംഭവം. കർണ്ണാടകയിൽ നിന്ന് 34,000 ലിറ്റർ എഥനോളുമായി എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (എച്ച്.പി) സംഭരണശാലയിലേക്ക് വന്ന ടാങ്കർ ലോറിയിലാണ് ചോർച്ച കണ്ടെത്തിയത്.
എച്ച്.പിയുടെ സംഭരണശാലയ്ക്ക് പുറത്ത് റോഡിന് സമീപമാണ് ടാങ്കറിൽ നിന്ന് എഥനോൾ ചോർന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ബീച്ച്, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ യൂണിറ്റുകൾ എലത്തൂരിലേക്ക് കുതിച്ചെത്തി.
ഫയർഫോഴ്സ് സംഘം സംയുക്തമായാണ് ടാങ്കറിന്റെ ചോർച്ച അടച്ചത്. ചെറിയരീതിയിലുള്ള ചോർച്ചയാണ് ടാങ്കറിലുണ്ടായിരുന്നതെന്നും അത് അടച്ചുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഫയർ ഫോഴ്സ് അറിയിച്ചു.
കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇ.എം, സിജിത്ത് സി, ബബീഷ് പി.എം, സജിത്ത്, ഹോംഗാർഡ് രാജീവ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.