കോഴിക്കോട് ഇരുപത്തിയൊന്നുകാരിയായ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍


കോഴിക്കോട്: നഴ്‌സിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി സഹല ബാനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയൊന്ന് വയസായിരുന്നു.

കോഴിക്കോട് പാലാഴിയിലുള്ള ഇഖ്‌റ കമ്യൂണിറ്റി ആശുപത്രിയില്‍ നഴ്‌സാണ് സഹല ബാനു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സഹലയ്ക്ക് ഡ്യൂട്ടി. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത് അന്വേഷിച്ച് എത്തിയത്.

ആശുപത്രിക്ക് മുകളിലുള്ള മുറിയില്‍ തന്നെയാണ് സഹല താമസിച്ചിരുന്നത്. മുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് സഹലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056