ബെെക്കുകൾ കൂട്ടിയിടിച്ച് ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന പാലക്കുളം സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു


കൊയിലാണ്ടി: ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന പാലക്കുളം സ്വദേശിയായ യുവാവ് മരിച്ചു. പാലക്കുളം കരിയാരിപ്പൊയിൽ താമസിക്കും താവോടി ഷംനാദ് ആണ് മരണപ്പെട്ടത്. 19 വയസാണ്.

വ്യാഴാഴ്ച രാത്രി നടക്കാവിൽ വച്ച് ഷംനാദ് സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു ബെെക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ​ഗുരുതരമായി പരിക്കേറ്റ ഷംനാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിക്കുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൻസിൽ പരിക്കുകളോടെ ചികിത്സയിലാണ്.

ഹാഷിമിന്റെയും വഹീദയുടെയും മകനാണ്. ഷഹ്ന, സന എന്നിവർ സഹോദരങ്ങൾ. മൂടാടി മലബാർ കോളേജ് ബി സി എ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഷംനാദ്.

പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുന്ന മൃതദേഹം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.