മാഹിയിൽ നിന്ന് 1000, അത് കോഴിക്കോടെത്തുമ്പോൾ 3000 , ജില്ലയിൽ നിന്ന് ഓർഡറെടുത്ത് മദ്യ വിൽപ്പന; വടകരയില്‍ കാറില്‍ 105 ലിറ്റർ മദ്യം കടത്തുകയായിരുന്ന രണ്ട് പേർ പിടിയിൽ


വടകര: മാഹിയിൽ നിന്ന് വടകരയിലേക്ക് മദ്യ ശേഖരം കടത്തുകയായിരുന്ന രണ്ട് പേർ പിടിയിൽ. കര്‍ണാടകയിലെ ഹസന്‍ സ്വദേശികളായ ധർമ്മ (42 ), പ്രവീൺ കുമാർ (45) എന്നിവരാണ് പിടിയിലായത്. 105 ലിറ്റർ മദ്യം ആണ് ഇവരിൽ നിന്ന് പിടികൂടിയത്.

പെരുവാട്ടും താഴെയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും എക്‌സൈസിന്റെ പിടിയിലാവുന്നത്. കർണ്ണാടക രജിസ്‌ട്രേഷൻ സ്വിഫ്റ്റ് കാറിൽ മദ്യം കടത്തുകയായിരുന്നു ഇവർ.

ഹാർഡ് ബോർഡ് പെട്ടികളിൽ അടുക്കി സൂക്ഷിച്ച നിലയിലാണ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയത്. 1000 രൂപ വിലവരുന്ന മദ്യം മാഹിയിൽ നിന്ന് വാങ്ങി കോഴിക്കോടേക്ക് കൊണ്ട് വന്ന് 3000 രൂപയ്ക്ക് വില്‍പ്പന നടത്താനുള്ള പദ്ധതിയായിരുന്നു. കോഴിക്കോട് നിന്ന് ഓർഡറുകൾ സ്വീകരിച്ച ശേഷം മദ്യം എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് അധികൃതർ പറഞ്ഞു.

വടകര എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫിസർ പിപിരാമചന്ദ്രനും സംഘവും ആണ് ഇവരെ പിടികൂടിയത്. ഇവരുടെ വാഹനമുൾപ്പെടെ കസ്റ്റഡിയിലെടുത്തു.