എലത്തൂരിൽ പതിനേഴുകാരൻ കുളത്തിൽ മുങ്ങി മരിച്ചു


എലത്തൂർ: പുതിയാപ്പയിൽ പതിനേഴുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കാമ്പുറം ബീച്ചിലെ സച്ചിദാനന്ദന്റെ മകൻ
ശ്രീരാ​ഗാണ് മരിച്ചത്. പുതായാപ്പയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

ഇന്ന് രാവിലെ 9.30 ഓടെ പുത്തൂരിലെ അമ്പലക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ശ്രീരാഗ്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പമായിരുന്നു ശ്രീരാഗ് എത്തിയത്.

കുടെവന്ന കുട്ടികളാണ് ശ്രീരാ​ഗ് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. ഉടനെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണപ്പെട്ടു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.